17കാരിയെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു; പ്രതിയ്ക്ക് ജീവപര്യന്തം കഠിനതടവ്

Update: 2025-05-24 13:14 GMT

പത്തനംതിട്ട: കടമ്മനിട്ടയില്‍ 17കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിലെ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ശാരിക എന്ന പെണ്‍കുട്ടിയെ കൊന്ന കേസിലെ പ്രതിയായ സജിലിനെയാണ് ശിക്ഷിച്ചിരിക്കുന്നത്. ശാരികയോട് പ്രതി നിരന്തരം പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. ഇയാളുടെ ശല്യം സഹിക്കാനാകാതെ വന്നപ്പോള്‍ ശാരിക ബന്ധുവീട്ടിലേക്ക് മാറി. 2017 ജൂലൈ 14ന് പ്രതി അവിടെയെത്തി തനിക്കൊപ്പം ഇറങ്ങിവരണമെന്ന് നിര്‍ബന്ധിച്ചു. ഇതിന് വഴങ്ങാതെ വന്നപ്പോഴായിരുന്നു ആക്രമണം. കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ശാരികയുടെ ശരീരത്തില്‍ ഒഴിച്ച് തീകൊളുത്തി. കോയമ്പത്തൂരില്‍ ചികിത്സയിലിരിക്കെ ജൂലൈ 22 ന് ശാരിക മരിച്ചു.