നിയമലംഘനത്തിന്റെ ചിത്രം ഉപയോഗിച്ച് രണ്ടിടത്ത് പിഴ നോട്ടീസ്; പരാതിയുമായി യുവാവ്

Update: 2026-01-02 13:46 GMT

കൊച്ചി: കൊച്ചി നഗരത്തിലെ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്ന പോലിസിന്റെ നടപടിയില്‍ ഗുരുതരമായ പിഴവാരോപിച്ച് യുവാവ്. ഒരു സ്ഥലത്തു നടന്ന ഗതാഗത നിയമ ലംഘനത്തിന്റെ ഫോട്ടോ ഉപയോഗിച്ച് മറ്റൊരു സ്ഥലത്തു കൂടി നിയമ ലംഘനം നടത്തിയെന്നു കാണിച്ച് കാര്‍ യാത്രക്കാരനു പിഴ ചുമത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് കൊച്ചി ട്രാഫിക്ക് പോലിസിനെതിരേ പാലാരിവട്ടം സ്വദേശി നെറ്റോ പരാതി നല്‍കി. കൊച്ചി സിറ്റി ട്രാഫിക്ക് വെസ്റ്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.

പാലാരിവട്ടം സ്വദേശി നെറ്റോ തെങ്ങുംപളളി തമിഴ്‌നാട് രജിസ്‌ട്രേഷന്‍ കാറാണ് ഉപയോഗിക്കുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ 10.02ന് കലൂരില്‍ വച്ച് സീബ്രാ ക്രോസിങ് ലംഘനത്തിന് നെറ്റെയുടെ വാഹനത്തിന് ആദ്യത്തെ ഇ ചെലാന്‍ ലഭിച്ചിരുന്നു. എന്നാല്‍ ഉച്ചക്ക് 12.51ന് കച്ചേരിപ്പടിയില്‍ വച്ച് മറ്റൊരു സീബ്രാ ക്രോസിങ് ലംഘനം കൂടി നടന്നതായി കാണിച്ച് രണ്ടാമത്തെ പിഴ ചുമത്തുകയായിരുന്നു. രണ്ടാമത്തെ പിഴയ്ക്കായി ഉപയോഗിച്ച ഫോട്ടോ പരിശോധിച്ചപ്പോഴാണ് സംശയം തോന്നിയതെന്ന് നെറ്റോ പറയുന്നു. ആദ്യത്തെ പിഴയ്ക്കായി ഉപയോഗിച്ച അതേ ചിത്രത്തിന്റെ വൈഡ് ആംഗിള്‍ ചിത്രമാണ് രണ്ടാമത്തെ ചെലാനിലും ഉപയോഗിച്ചിരിക്കുന്നത്. രണ്ട് ഫോട്ടോയിലേയും സീബ്രാ ലൈന്‍ അടയാളങ്ങള്‍ ഒന്നാണെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. രണ്ടാമത്തെ പിഴ ലഭിച്ച സമയത്ത് 12.52ന് നെറ്റോ എംജി റോഡിലെ മാളില്‍ സിനിമ കാണുകയായിരുന്നു. വാഹനം മാള്‍ പാര്‍ക്കിങിലുമായിരുന്നു. ഇതിന്റെ പാര്‍ക്കിങ് രസീതും സിനിമാ ടിക്കറ്റും തെളിവായി ഹാജരാക്കിയിട്ടുണ്ട്.