കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവം; പരിഹാരം കാണാതെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍, പ്രതിഷേധം
പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ബൈക്ക് യാത്രികന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍. സ്ഥലത്ത് വന്‍ പ്രതിഷേധം നടക്കുകയാണ്. ആനകളെ തുരത്തുമെന്ന് ഉറപ്പു നല്‍കാതെ ഒരടി പിന്നോട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നിലവില്‍ നാട്ടുകാര്‍ അട്ടപ്പാടി താവളത്ത് റോഡ് ഉപരോധിക്കുകയാണ്. കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ശാന്തകുമാറിന്റെ കുടുംബത്തിന് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്നും ആനയെ പിടികൂടണം എന്നും പ്രതിഷേധക്കാര്‍ പറയുന്നു.
ഇന്നലെയാണ് അട്ടപ്പാടിയില്‍ കാട്ടാന ബൈക്ക് യാത്രികനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ശാന്തകുമാറിനെ മണ്ണാര്‍ക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. അതേസമയം, ഇതേ പ്രദേശത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ മരിച്ചത് നാലുപേരാണെന്നും നാട്ടുകാര്‍ പറഞ്ഞു.