വിവാഹം മുടങ്ങിയ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; കാരണക്കാരായ മൂന്നുപേര്‍ അറസ്റ്റില്‍

Update: 2025-07-17 03:38 GMT

ഇരിങ്ങാലക്കുട: തേലപ്പിള്ളിയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ യുവാവ് ആത്മഹത്യചെയ്യാന്‍ ഇടയായ കേസില്‍ മൂന്നുപേരെ ഇരിങ്ങാലക്കുട പോലിസ് അറസ്റ്റുചെയ്തു. ഒല്ലൂര്‍ അഞ്ചേരി സ്വദേശി കൊല്ലംപറമ്പില്‍ വീട്ടില്‍ അഖില (31), ഭര്‍ത്താവ് ഒല്ലൂര്‍ അഞ്ചേരി സ്വദേശി കൊല്ലംപറമ്പില്‍ വീട്ടില്‍ ജീവന്‍ (31), സഹോദരന്‍ വല്ലച്ചിറ ചെറുശ്ശേരി സ്വദേശി ആട്ടേരി വീട്ടില്‍ അനൂപ് (38) എന്നിവരെയാണ് അറസ്റ്റുചെയ്തത്. യുവാവിന്റെ ആത്മഹത്യക്കുറിപ്പ് പോലീസ് അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു.

യുവാവിന്റെ കാമുകിയായിരുന്നു ഒന്നാംപ്രതി അഖില. മറ്റൊരു സ്ത്രീയുമായി യുവാവിന്റെ വിവാഹം ഉറപ്പിച്ചതായി അറിഞ്ഞ അഖിലയും ഭര്‍ത്താവായ ജീവനും അഖിലയുടെ ചേട്ടനായ അനൂപും ജനുവരി 22-ന് രാത്രി 8.45-ഓടെ യുവാവിന്റെ തേലപ്പിള്ളിയിലെ വീട്ടിലെത്തി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. യുവാവിന്റെ ഫോണ്‍ ബലമായി പിടിച്ചുവാങ്ങിക്കൊണ്ടു പോയി. വിവാഹം മുടക്കുകയും ചെയ്തു. ഇതിലുമുള്ള മനോവിഷമത്തിലാണ് ആത്മഹത്യചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് പോലീസ് പ്രതികളെ അറസ്റ്റുചെയ്തത്.