താജ് ഹോട്ടലിന് സമീപം ഡ്രോണ്‍ പറത്തിയ യുവാവ് കസ്റ്റഡിയില്‍

Update: 2025-05-14 03:21 GMT

മുംബൈ: മഹാരാഷ്ട്രയിലെ കൊളാബയിലെ താജ് ഹോട്ടലിന് സമീപം ഡ്രോണ്‍ പറത്തിയ 22കാരനെ കസ്റ്റഡിയില്‍ എടുത്തു. ഹൈദരാബാദ് സ്വദേശിയായ അര്‍മല്ല ലിങ്കണ്‍ എന്ന യുവാവിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. അജ്ഞാത ഡ്രോണ്‍ പറക്കുന്നുവെന്ന ഹോട്ടല്‍ അധികൃതരുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് നടപടിയെന്ന് പോലിസ് അറിയിച്ചു. ഡ്രോണ്‍ പറക്കുന്നത് കണ്ടെങ്കിലും എവിടെ നിന്നാണ് അതിനെ നിയന്ത്രിക്കുന്നത് എന്ന് മനസിലാക്കാന്‍ പോലിസിന് സാധിച്ചില്ല. പിന്നീട്, സാങ്കേതിക വിദഗ്ദരുടെ സഹായത്തോടെയാണ് ഒരു കാറിലിരുന്ന് ഡ്രോണ്‍ പറത്തിയിരുന്ന അര്‍മല്ല ലിങ്കണെ കസ്റ്റഡിയില്‍ എടുത്തത്.

മുംബൈയില്‍ ഡ്രോണ്‍ പറത്തുന്നതിന് നിരോധനമുള്ള കാര്യം അറിയില്ലെന്ന് അര്‍മല്ല പോലിസിനെ അറിയിച്ചു. ഇയാളുടെ 70,000 രൂപ വിലവരുന്ന ഡ്രോണ്‍ പോലിസ് പിടിച്ചെടുത്തു. 2008ല്‍ ആക്രമണം നടന്ന താജ് ഹോട്ടലിന് സമീപം വലിയ സുരക്ഷയാണ് പോലിസ് ഒരുക്കിയിരിക്കുന്നത്. ഡ്രോണ്‍ പറത്തിയതിന് കഴിഞ്ഞ ദിവസം ഒരു കുട്ടിയെയും പിടികൂടിയിരുന്നു. പ്രദേശത്ത് ഡ്രോണ്‍ പറത്തലിന് ജൂണ്‍ മൂന്നു വരെ നിരോധനമുണ്ടെന്ന് ഡിസിപി അക്ബര്‍ പത്താന്‍ അറിയിച്ചു.