ആരോഗ്യമന്ത്രിയുടെ വീട്ടില്‍ റീത്തുവെച്ച് പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്

Update: 2026-02-21 03:07 GMT

തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിയില്‍ കടുത്ത പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ ഗേറ്റ് തള്ളി തുറന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വസതിക്ക് മുന്നില്‍ റീത്തുവെച്ച് പ്രതിഷേധിച്ചു.

തിരുവനന്തപുരത്തെ മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലായിരുന്നു പ്രതിഷേധം. രാവിലെ എട്ടു മണിയോടെ വീണ ജോര്‍ജിന്റെ വീടിന് മുന്നില്‍ പോലിസിനെ മറികടന്ന് കയറിയ പ്രവര്‍ത്തകര്‍ വീടിന്റെ വാതിലില്‍ റീത്ത് വെച്ചു. പ്രതിഷേധം നടക്കുന്ന സമയത്ത് മൂന്നു പോലിസുകാര്‍ മാത്രമായിരുന്നു മന്ത്രിയുടെ വീടിന് മുന്നില്‍ സുരക്ഷയ്ക്ക് ഉണ്ടായിരുന്നത്. മന്ത്രിയോ ബന്ധുക്കളോ വസതിയില്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. പിന്നീട് പോലിസ് ഉദ്യോഗസ്ഥര്‍ റീത്ത് എടുത്തുമാറ്റി.

പ്രതിഷേധം ഉണ്ടായി 15 മിനിറ്റിന് ശേഷമാണ് കൂടുതല്‍ പോലിസുകാര്‍ എത്തുന്നത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ കയ്യേറ്റം. കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോകാന്‍ അനുവദിക്കാതെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. ഏറെ നേരത്തെ ശ്രമത്തിന് ശേഷം പ്രവര്‍ത്തകരെ പോലിസ് പിരിച്ച് വിട്ടു.

സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന ചികില്‍സാ പിഴവുകളുടെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അടിയന്തരമായി രാജി വെക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് 'കാലന്റെ ആരോഗ്യ വകുപ്പായി' മാറിക്കൊണ്ടിരിക്കുകയാണ്. സ്വന്തം വകുപ്പിലെ ജീവനക്കാര്‍ പോലും ഒരു പേപ്പര്‍ വാങ്ങാന്‍ ഗതിയില്ലാത്ത അവസ്ഥയിലാണ് വകുപ്പെന്ന് തുറന്നു പറയുന്നുണ്ടെന്നും, നൂറുകണക്കിന് പിഴവുകള്‍ ഉണ്ടായിട്ടും റിപോര്‍ട്ടുകള്‍ തേടുന്നു എന്ന് പറയുന്നതല്ലാതെ കുറ്റക്കാര്‍ക്കെതിരേ കൃത്യമായ നടപടി സ്വീകരിക്കാന്‍ മന്ത്രി തയ്യാറാകുന്നില്ല. ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടുന്ന മന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും, മന്ത്രിയുടെ അഹങ്കാരവും ധിക്കാരവും കലര്‍ന്ന നിലപാടുകള്‍ ജനങ്ങള്‍ കാണുന്നുണ്ടെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

Tags: