ആര്‍എസ്എസ് ശാഖയിലെ പീഡനത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവം: നിതീഷ് മുരളീധരനെതിരേ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുത്ത് പൊന്‍കുന്നം പോലിസ്

Update: 2025-11-10 01:49 GMT

കോട്ടയം: ആര്‍എസ്എസ് ശാഖയില്‍ ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയ ശേഷം കോട്ടയം സ്വദേശിയായ യുവാവ് ജീവനൊടുക്കിയ കേസില്‍ കേസെടുത്ത് പൊന്‍കുന്നം പോലിസ്. പ്രകൃതി വിരുദ്ധ പീഡനത്തിനാണ് പൊന്‍കുന്നം പോലിസ് കേസെടുത്തത്. കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നീധീഷ് മുരളീധരനെതിരെയാണ് കേസ്. തമ്പാനൂര്‍ പോലിസ് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ് നടപടിക്രമങ്ങള്‍ക്കു ശേഷം പൊന്‍കുന്നം പോലിസിനു കൈമാറുകയായിരുന്നു.

ഒക്ടോബര്‍ ഒമ്പതിനാണ് യുവാവിനെ തമ്പാനൂരിലെ ലോഡ്ജില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ആര്‍എസ്എസ് ശാഖയില്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് വെളിപ്പെടുത്തിയ ശേഷമായിരുന്നു ആത്മഹത്യ. ആത്മഹത്യാക്കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത ശേഷമായിരുന്നു യുവാവ് ജീവനൊടുക്കിയത്. ഇന്‍സ്റ്റഗ്രാം കുറിപ്പിനു പിന്നാലെ നിധീഷ് മുരളീധരന്‍ എന്ന ആര്‍എസ്എസുകാരനാണ് തന്നെ പീഡിപ്പിച്ചതെന്ന് വെളിപ്പെടുത്തി വീഡിയോയും പുറത്തുവന്നിരുന്നു. മരണ ശേഷം പുറത്തുവരുന്ന രീതിയില്‍ ഷെഡ്യൂള്‍ ചെയ്ത് വച്ചതായിരുന്നു കുറിപ്പും വീഡിയോയും.

താന്‍ നേരിട്ട ക്രൂരതയും പീഡനവും അനുഭവിച്ച വിഷാദാവസ്ഥയും യുവാവ് ആത്മഹത്യാക്കുറിപ്പിലും വീഡിയോയിലും പങ്കുവച്ചിരുന്നു. ആര്‍എസ്എസ് ക്യാംപുകളില്‍ നടക്കുന്നത് കടുത്ത പീഡനമാണെന്നും നിതീഷ് മുരളീധരന്‍ ഇപ്പോള്‍ കുടുംബമായി ജീവിക്കുകയാണെന്നും ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞിരുന്നു. പ്രതി ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായി നാട്ടില്‍ നല്ലപേര് പറഞ്ഞു നടക്കുന്നതായും താന്‍ വലിയ വിഷാദത്തിലേക്ക് കടന്നതായും വീഡിയോയിലുണ്ടായിരുന്നു. നാലു വയസ് മുതല്‍ നിരന്തര ലൈംഗിക പീഡനത്തിനിരയായി. ആര്‍എസ്എസുകാരുമായി ഇടപഴകരുതെന്നും സൗഹൃദം സ്ഥാപിക്കരുതെന്നും അവര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുമെന്നും വീഡിയോയിലും കുറിപ്പിലുമുണ്ടായിരുന്നു.