മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പെരുമ്പാവൂരില്‍ യുവാവിനെ തല്ലിക്കൊന്നു; ആറ് അതിഥി തൊഴിലാളികള്‍ കസ്റ്റഡിയില്‍
എറണാകുളം: പെരുമ്പാവൂരിലെ മുടിക്കലില്‍ പ്ലൈവുഡ് കമ്പനിയില്‍ മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ സംഘം ചേര്‍ന്ന് തല്ലിക്കൊന്ന സംഭവത്തില്‍ ആറ് അതിഥി തൊഴിലാളികള്‍ കസ്റ്റഡിയില്‍. അസാം സ്വദേശികളായ അലാവുദ്ദീന്‍, മിനാരുള്‍, സാക്കിര്‍ ഹുസൈന്‍, ഹബീസുദീന്‍, ഹസന്‍ അലി, മുസമ്മില്‍ എന്നിവരാണ് പെരുമ്പാവൂര്‍ പോലിസിന്റെ കസ്റ്റഡിയിലുള്ളത്.
ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പ്രതികള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ഇയാള്‍ മൊബൈല്‍ ഫോണുകള്‍ എടുക്കുന്നത് കണ്ടുവെന്നാരോപിച്ചാണ് മര്‍ദനം. മരത്തടിയുടെ റോളര്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു. ഇയാളുടെ പല്ലും തലയും മര്‍ദനത്തില്‍ തകര്‍ന്നു. ശബ്ദംകേട്ട് പുറത്തുനിന്നു ആളുകള്‍ മുറിയിലേക്ക് വന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ഏഴ് മൊബൈല്‍ ഫോണും ഒരു ലക്ഷം രൂപയും മോഷിച്ചുവെന്നനാണ് ആരോപണം. എന്നാല്‍ പോലിസിന് ഇതുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. നിലവില്‍ അതിഥിതൊഴിലാളിയുടെ മൃതദേഹം തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.