മുംബൈ: മുംബൈയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോവാനിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സഹയാത്രികനെ വിമാനത്തില്‍ നിന്നു പുറത്താക്കി. വിമാനം പുറപ്പെടാന്‍ തയാറെടുക്കവെ പരിഭ്രാന്തനായ ഒരു യുവാവ് വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കരയുകയും സീറ്റില്‍നിന്ന് ഇറങ്ങി നടക്കുകയുമായിരുന്നു. തന്റെ സീറ്റിനു മുന്നിലുടെ നടന്നുപോകുമ്പോള്‍ മറ്റൊരു യാത്രക്കാരന്‍ ഈ യുവാവിനെ മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നു.
समाज पूरी तरह सड़ चूका है pic.twitter.com/l03axtIqSc
— Adil siddiqui (azmi) (@adilsiddiqui7) August 1, 2025
പേടിച്ച് നില്‍ക്കുന്ന യുവാവിനെ രണ്ടു ക്യാബിന്‍ ക്രൂ അംഗങ്ങള്‍ ആശ്വസിപ്പിക്കുകയും വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. അടിച്ചയാളോട് 'സര്‍, ദയവായി ഇത് ചെയ്യരുത്' എന്ന് എയര്‍ ഹോസ്റ്റസ് പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. അവന്‍ കാരണമാണ് ഞങ്ങള്‍ പ്രശ്‌നം നേരിടുന്നത് എന്നായിരുന്നു മര്‍ദിച്ച വ്യക്തിയുടെ മറുപടി. നമ്മളെല്ലാവരും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്, പക്ഷേ അവനെ അടിക്കുകയല്ല ചെയ്യേണ്ടതെന്നാണ് യാത്രക്കാരില്‍ ചിലര്‍ തല്ലിയ വ്യക്തിയോട് പറഞ്ഞത്. യുവാവിനു പാനിക് അറ്റാക്ക് സംഭവിച്ചതാണെന്നും വെള്ളം കൊണ്ടുവരാന്‍ എയര്‍ ഹോസ്റ്റസ് പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം.
യുവാവിനെ തല്ലിയ ആളുടെ പെരുമാറ്റം അസ്വീകാര്യമാണെന്ന് ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു. കുറ്റക്കാരനെ പോലിസിന് കൈമാറിയിട്ടുണ്ട്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ എല്ലാ ഏജന്‍സികള്‍ക്കും നല്‍കി.
