തിരുവനന്തപുരം: പ്ലസ്ടു വിദ്യാര്‍ഥിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചയാളെ റിമാന്‍ഡ് ചെയ്തു. തുമ്പ കുളത്തൂരില്‍ ഇന്നലെ വൈകുന്നേരം ആറുമണിയോടെ നടന്ന സംഭവത്തിലെ പ്രതിയായ കുളത്തൂര്‍ കൊന്നവിളാകം സ്വദേശി അഭിജിത്തി(34)നെയാണ് റിമാന്‍ഡ് ചെയ്തത്. സ്റ്റേഷന്‍കടവ് സ്വദേശിയായ ഫൈസല്‍ (17) ആണ് ആക്രമിക്കപ്പെട്ടത്.
വിദ്യാര്‍ഥികള്‍ സ്‌കൂള്‍വിട്ട് വീട്ടിലേക്ക് പോകുന്ന സമയത്താണ് സംഭവം നടന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് പോകുന്നത് കണ്ട് സഹിക്കാന്‍ കഴിയാതിരുന്ന അഭിജിത് ഇവരെ ചീത്ത വിളിച്ചു എന്നാണ് വിവരം. പെണ്‍കുട്ടികളെയടക്കം ചീത്ത വിളിച്ചത് വിദ്യാര്‍ഥികള്‍ തിരിച്ച് ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
പിന്നാലെ അഭിജിത്തും കുട്ടികളുമായി തര്‍ക്കവും പിടിവലിയുമായി. അഭിജിത്ത് അക്രമാസക്തനായതോടെ കുട്ടികള്‍ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. എന്നാല്‍ അഭിജിത്ത് വീട്ടിലേയ്ക്ക് പോയി ബ്ലെയ്ഡുമായി മടങ്ങിയെത്തി വിദ്യാര്‍ഥികളെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. അഭിജിത്ത് ബ്ലെയ്ഡ് ഉപയോഗിച്ച് ഫൈസലിന്റെ കഴുത്തില്‍ മുറിവേല്‍പിക്കുകയായിരുന്നു.