മാനന്തവാടി: വയനാട്ടില്‍ കുടുംബ തര്‍ക്കത്തിനൊടുവില്‍ ഭാര്യയേയും അമ്മയേയും വെട്ടിപരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. വെള്ളമുണ്ട മൊതക്കര കൊച്ചാറ ഉന്നതിയില്‍ താമസിക്കുന്ന മാധവി, മകള്‍ ആതിര എന്നിവര്‍ക്കാണ് ഇന്നലെ വൈകീട്ട് വെട്ടേറ്റത്. സംഭവത്തില്‍ ആതിരയുടെ ഭര്‍ത്താവ് രാജു ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന രാജുവിനെ ഉച്ചയോടെയാണ് വെള്ളമുണ്ട പോലിസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ കൊച്ചാറ ഉന്നതിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രാജു. ദീര്‍ഘകാലമായി കുടുംബത്തില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതാണ് അതിക്രമത്തിനു പിന്നില്‍ എന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റ ആതിരയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.