ഡേറ്റിങ് ആപ്പ് വഴി യുവാവിനെ തട്ടിക്കൊണ്ടുപോയി മോഷണം; സുമതി വളവില്‍ ഉപേക്ഷിച്ചു

Update: 2025-08-10 06:21 GMT

വെഞ്ഞാറമൂട്: ഡേറ്റിങ് ആപ് ഉപയോഗിച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയി മൂന്നു പവന്‍ സ്വര്‍ണാഭരണം കവര്‍ന്നതായി പരാതി. ശേഷം ഇയാളെ പാലോടിനടുത്തുള്ള സുമതി വളവില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ സംഘാംഗങ്ങളായ ചിലരെ പോലിസ് അറസ്റ്റ് ചെയ്തു. അഞ്ചംഗസംഘം കാറില്‍ കടത്തിക്കൊണ്ടുപോയെന്നും കാറില്‍ വച്ച് നഗ്‌നനാക്കി ഫോട്ടോയെടുത്തെന്നും വെഞ്ഞാറമൂട് സ്വദേശിയായ യുവാവാണ് പരാതി നല്‍കിയത്.

ഡേറ്റിങ് ആപ്പിലൂടെ യുവതിയായി നടിച്ചാണ് സംഘത്തിലുള്ളയാള്‍ യുവാവിനെ പരിചയപ്പെട്ടത്. യുവതിയുടെ ഫോട്ടോയില്‍ ആകൃഷ്ടനായ യുവാവ്, 'യുവതി' പറഞ്ഞതനുസരിച്ച് വെഞ്ഞാറമൂട്ടിലെത്തി. ഇവിടെനിന്ന് സംഘത്തിന്റെ കാറില്‍ കയറി. തുടര്‍ന്ന്, മര്‍ദിച്ച് സ്വര്‍ണാഭരണം കവര്‍ന്നശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സുമതി വളവിലാണ് തന്നെ ഉപേക്ഷിച്ചതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. പാലോടുനിന്ന് 4 കിലോമീറ്റര്‍ അകലെ മൈലമൂട് പാലത്തിന് അടുത്താണ് സുമതി വളവ്.