രണ്ടുലക്ഷം രൂപ വിലവരുന്ന 400 കിലോ കുരുമുളക് കവര്‍ന്നു: നാല് യുവാക്കള്‍ പിടിയില്‍

Update: 2024-03-22 10:52 GMT

അമ്പലവയല്‍: 400 കിലോയോളം ഉണക്ക കുരുമുളക് മോഷ്ടിച്ച യുവാക്കളെ അമ്പലവയല്‍ പോലിസ് പിടികൂടി. ആനപ്പാറ തോണിക്കല്ലേല്‍ വീട്ടില്‍ അഭിജിത്ത് രാജ്(18), മഞ്ഞപ്പാറ കാളിലാക്കല്‍ വീട്ടില്‍ നന്ദകുമാര്‍(22), പഴപ്പത്തൂര്‍ ആനയംകുണ്ട് വീട്ടില്‍ എആര്‍ നവീന്‍രാജ്(20), ബീനാച്ചി അമ്പലക്കുന്ന് വീട്ടില്‍ എംഎ അമല്‍(19) എന്നിവരാണ് അറസ്റ്റിലായത്.മാര്‍ച്ച് 15 ന് രാത്രിയാണ് സംഭവം. മഞ്ഞപ്പാറയില്‍ അമ്പലവയല്‍ സ്വദേശി ലീസിന് എടുത്ത വീട്ടില്‍ കയറിയാണ് ഇവര്‍ മോഷണം നടത്തിയത്. വില്‍പ്പനക്ക് പാകമായ രണ്ടു ലക്ഷത്തോളം രൂപ വില വരുന്ന ഉണക്ക കുരുമുളകാണ് കവര്‍ന്നത്.

എസ്എച്ച്ഒ കെ.പി പ്രവീണ്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്‌ഐ കെഎ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്‌സിപിഒ വികെ രവി, സിപിഒ മാരായ കെബി പ്രശാന്ത്, ജോജി, വിഎസ് സന്തോഷ്, ഹോം ഗാര്‍ഡ് രാജേഷ് എന്നിവരും പോലിസ് സംഘത്തിലുണ്ടായിരുന്നു.

Tags: