ഭര്‍ത്താവിനേയും ഭര്‍തൃമാതാവിനേയും കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി കസ്റ്റഡിയില്‍

Update: 2026-01-23 14:40 GMT

മലപ്പുറം: കുടുംബ വഴക്കിനെത്തുടര്‍ന്ന് യുവതി ഭര്‍ത്താവിനേയും ഭര്‍തൃമാതാവിനേയും കുത്തിപ്പരിക്കേല്‍പ്പിച്ചു. മലപ്പുറം കോട്ടക്കലിലാണ് യുവതി ഭര്‍ത്താവിനേയും ഭര്‍തൃമാതാവിനേയും കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. പള്ളത്ത് വീട്ടില്‍ ഭരത്ചന്ദ്രന്‍(29), മാതാവ് കോമളവല്ലി(49)എന്നിവര്‍ക്കാണ് കുത്തേറ്റത്. സംഭവത്തില്‍ ഭരത്ചന്ദ്രന്റെ ഭാര്യ സജീനയെ പോലിസ് കസ്റ്റഡിയിലെടുത്തു.

കോട്ടക്കല്‍ അരിച്ചോള്‍ നിരപ്പറമ്പില്‍ ഇന്ന് രാവിലെ 11നാണ് സംഭവം. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. ഭര്‍ത്താവ് മറ്റൊരു വിവാഹത്തിനായി ആലോചനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന സംശയത്തിന്റെ പുറത്താണ് ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. സജീനയും ഭരത്ചന്ദ്രനും തമ്മില്‍ നേരത്തെ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. വഴക്കിനെത്തുടര്‍ന്ന് ഭരത് സജീനയെ തിരുവനന്തപുരത്തെ വീട്ടില്‍ കൊണ്ടുവിട്ടു. ഈ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ഇന്ന് രാവിലെ ഇവര്‍ തിരിച്ചെത്തിയത്. വരുമ്പോള്‍ പെട്രോളും കത്തിയും കയ്യില്‍ കരുതിയിരുന്നു. ഭരതിന്റെ കൈയ്ക്കും ഭര്‍തൃമാതാവിന്റെ വയറ്റിലുമാണ് കുത്തേറ്റത്. ഇരുവരേയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.