ന്യൂഡൽഹി: ഇന്ത്യൻ ജനസംഖ്യയുടെ 65 ശതമാനവും 35 വയസ്സിൽ താഴെയുള്ള യുവാക്കളാണെങ്കിലും രാഷ്ട്രീയാധികാര മേഖലകളിൽ യുവജനങ്ങൾക്ക് പ്രാതിനിധ്യം വളരെ കുറവാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ഏതാണ്ടെല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വിദ്യാർഥി-യുവജന വിഭാഗങ്ങളുണ്ട്. ഇവരൊക്കെയും നല്ല നിലയിൽ പൊതുമണ്ഡലത്തിൽ സ്വാധീനം തെളിയിച്ചവരുമാണ്. എന്നാൽ, നിയമനിർമാണ സഭകളിലും പാർട്ടികളുടെ പ്രധാന പദവികളിലും യുവജനങ്ങൾ തഴയപ്പെടുകയാണ്. വിരലിലെണ്ണാവുന്നവർ മാത്രമേ യുവനിരയിൽ നിന്ന് പാർലമെൻ്റിലും സംസ്ഥാന നിയമസഭകളിലും പാർട്ടി പദവികളിലും എത്തിപ്പെടുന്നുള്ളൂ. ഓരോ പാർട്ടിയുടെയും പ്രക്ഷോഭമേഖലകളിലും രാഷ്ട്രീയ പോരാട്ടങ്ങളിലും യുവ സാന്നിധ്യം സാരമായുണ്ടെങ്കിലും അധികാരമണ്ഡലത്തിൽ ഇവരുടെ എണ്ണം വളരെ കുറവാണ്.
തൊഴിലില്ലായ്മ, കാലാവസ്ഥ നടപടി, ഡിജിറ്റൽ സ്വകാര്യത, സുസ്ഥിരത, വിദ്യാഭ്യാസം തുടങ്ങി യുവജനങ്ങളുമായി ബന്ധപ്പെട്ടതും അവർക്ക് താൽപ്പര്യമുള്ളതുമായ വിഷയങ്ങളിൽ ഫലപ്രദമായ നിയമനിർമാണം അസാധ്യമാവുന്നത് അധികാര മേഖലയിൽ നിന്ന് യുവജനങ്ങൾ നിരന്തരം പുറന്തള്ളപ്പെടുന്നതു കൊണ്ടാണ്.