കൊച്ചി: ഉദയംപേരൂരില്‍ അപകടത്തില്‍ പെട്ട് ചികില്‍സയിലായിരുന്ന കൊല്ലം സ്വദേശി ലിനു മരണത്തിന് കീഴടങ്ങി. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരാവസ്ഥയിലായ ലിനുവിന് ഡോക്ടര്‍മാര്‍ വഴിയരികില്‍ വച്ച് ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ന്ന് വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ലിനുവിന്റെ മരണം ഏറെ സങ്കടകരമെന്ന് വഴിയരികില്‍ ചികില്‍സ നല്‍കിയ ഡോക്ടര്‍ മനൂപ് പറഞ്ഞു. അടിയന്തര ഇടപെടല്‍ അനിവാര്യമായിരുന്നു. റിസ്‌ക് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇടപെട്ടത്. ഇല്ലെങ്കില്‍ അപകടസ്ഥലത്തുതന്നെ ജീവന്‍ നഷ്ടമായേനെയെന്നും മനൂപ് പറയുന്നു.
കൊച്ചി തൃപ്പൂണിത്തുറയ്ക്കു സമീപം ഞായറാഴ്ച രാത്രി 8.30നായിരുന്നു അപകടമുണ്ടായത്. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചായിരുന്നു യുവാവിന് പരിക്കേറ്റത്. കൊച്ചിയില്‍ നിന്നും കോട്ടയത്തേക്ക് യാത്ര ചെയ്യുന്ന സമയത്താണ് കോട്ടയം മെഡിക്കല്‍ കോളജിലെ ഹൃദയശസ്ത്രക്രിയ വിഭാഗം അസി.പ്രൊഫസറായ ഡോക്ടര്‍ മനൂപ് അപകടത്തില്‍പ്പെട്ടവരെ കാണുന്നത്. മൂന്നുപേര്‍ റോഡില്‍ കിടക്കുന്നതുകണ്ട് ഉടന്‍ തന്നെ വണ്ടിനിര്‍ത്തി പുറത്തിറങ്ങി. അതേസമയം ഡോ. തോമസ് പീറ്ററും അദ്ദേഹത്തിന്റെ ഭാര്യ ഡോ. ദിദിയയും ആ വഴിയെത്തുകയായിരുന്നു. പിന്നീട് മൂവരും ചേര്‍ന്നാണ് യുവാവിന് ശസ്ത്രക്രിയ നടത്തിയത്. അപകടത്തില്‍ ലിനുവിന് പുറമേ രണ്ടു പേര്‍ക്കായിരുന്നു പരിക്കേറ്റത്. മറ്റ് രണ്ടു പേരുടെ പരിക്ക് സാരമായിരുന്നില്ല. ലിനുവിന്റെ ശ്വാസകോശത്തില്‍ രക്തവും മണ്ണും കയറി ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കെത്തി. ഇങ്ങനെയുള്ളയാള്‍ക്ക് എത്രയും പെട്ടെന്ന് ശ്വസിക്കാന്‍ അവസരമൊരുക്കുക എന്നതാണ് ജീവന്‍ രക്ഷിക്കാനുള്ള മാര്‍ഗം.
ഇതോടെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഉദയംപേരൂര്‍ പോലിസും സ്ഥലത്തെത്തിയിരുന്നു. അവരുടെ കൂടി പിന്തുണയോടെയാണ് ശസ്ത്രക്രിയ നടത്തിയത്. പോലിസ് നല്‍കിയ ബ്ലേഡ് ഉപയോഗിച്ച് കഴുത്തില്‍ രണ്ട് മൂന്ന് സെന്റിമീറ്റര്‍ മുറിവുണ്ടാക്കിയായിരുന്നു ശസ്ത്രക്രിയ. സര്‍ജിക്കല്‍ ക്രീക്കോതൈറോയ്‌ട്ടോമി എന്ന പ്രൊസീജറിലൂടെ ശ്വാസനാളത്തിലേക്ക് ട്യൂബിട്ടു. ആദ്യം പേപ്പര്‍ സ്‌ട്രോയും പിന്നാലെ പ്ലാസ്റ്റിക് സ്‌ട്രോയും ഉപയോഗിച്ചു. ബ്ലേഡ് ഉപയോഗിച്ച് വിനുവിന്റെ കഴുത്തില്‍ ഒരു ദ്വാരമിട്ടു. അതിലൂടെ സ്‌ട്രോ തിരുകി ശ്വാസം നല്‍കി. സ്‌ട്രോ തിരുകിയതോടെ വിനു ശ്വാസമെടുക്കാന്‍ തുടങ്ങി. എന്നാല്‍ പേപ്പര്‍ സ്‌ട്രോ ആയിരുന്നതിനാല്‍ അത് രക്തത്തില്‍ കുതിരാന്‍ തുടങ്ങി. ഇതോടെ പേപ്പര്‍ സ്‌ട്രോ മാറ്റി പ്ലാസ്റ്റിക് സ്‌ട്രോ ഇട്ടു. ശ്വാസതടസം നീങ്ങിയപ്പോഴേക്കും ആംബുലന്‍സ് വന്നിരുന്നു. മനൂപാണ് ലിനുവിനൊപ്പം ആബുലന്‍സില്‍ കയറിയത്. കൊച്ചിയിലെ ആശുപത്രിയില്‍ എത്തിക്കുംവരെ ആംബുലന്‍സില്‍ മനൂപ് ലിനുവിന് സ്‌ട്രോയിലൂടെ ശ്വാസം നല്‍കി. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായെങ്കിലും ലിനു മരണത്തിന് കീഴടങ്ങുകയായിരുന്നു.

