യുവാവ് മക്കളെയും ഭാര്യയെയും പൂട്ടിയിട്ട് വീടിന് തീയിട്ടു; അനുജത്തിയെ രക്ഷിച്ച് പതിനഞ്ചുകാരന്‍
കോന്നി: കുടുംബ വഴക്കിനെത്തുടര്‍ന്ന് മദ്യലഹരിയിലെത്തിയ യുവാവ് മക്കളെയും ഭാര്യയെയും പൂട്ടിയിട്ട് വീടിന് തീയിട്ടു. ദേഹത്ത് ടിന്നര്‍ ഒഴിച്ച ശേഷമാണ് വീട് തീവെച്ചത്. ആളിപ്പടര്‍ന്ന തീയ്ക്കുള്ളില്‍ നിന്ന് അനുജത്തിയെ പതിനഞ്ചുകാരനായ സഹോദരന്‍ രക്ഷിച്ചു. കഴുക്കോലില്‍ തൂങ്ങി ഓട് പൊളിച്ചാണ് കുട്ടിയെ യുവാവ് പുറത്തിറക്കിയത്. പൊള്ളലേറ്റ അമ്മയെ നാട്ടുകാര്‍ കതക് തകര്‍ത്ത് പുറത്തിറക്കുകയായിരുന്നു.
കഴിഞ്ഞദിവസം രാത്രി ഒരു മണിയോടെയാണ് സംഭവം. വടശ്ശേരിക്കര അരീക്കക്കാവ് സ്വദേശി ടി കെ സിജുപ്രസാദ് (43) ആണ് ഭാര്യ രജനി (40), മകന്‍ പ്രവീണ്‍ (15), ഇളയ മകള്‍ എന്നിവരെ മുറിക്കുള്ളിലിട്ട് പൂട്ടിയശേഷം വീടിന് തീയിട്ടത്. സിജു പെയിന്റിങ് തൊഴിലാളിയാണ്. ഭാര്യക്കും മക്കള്‍ക്കുമൊപ്പം ഉറങ്ങാന്‍ കിടന്ന ഇയാള്‍ രാത്രി പുറത്തിറങ്ങി മുറിയിലേക്ക് ടിന്നര്‍ ഒഴിച്ച്, തീപ്പന്തം എറിയുകയായിരുന്നു.
വീട്ടില്‍ നിന്ന് കൂട്ടക്കരച്ചില്‍ ഉയര്‍ന്നതോടെ അയല്‍വാസികള്‍ എത്തുകയായിരുന്നു. തുടര്‍ന്ന് കതക് പൊളിച്ച് രജനിയെ രക്ഷിച്ചു. പൊള്ളലേറ്റ രജനിയും മകനും കോന്നി താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ കോന്നി പോലിസ് സിജുപ്രസാദിനെ അറസ്റ്റ് ചെയ്തു. കുടുംബകലഹമാണ് കാരണമെന്നാണ് നിഗമനം.