തിരുവനന്തപുരം: വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിക്കെതിരേ ചികില്‍സാ പിഴവ് ആരോപണം. ശ്വാസ തടസത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച രോഗിക്ക് കൃത്യമായ ചികില്‍സ നല്‍കിയില്ലെന്ന് പരാതി. വിളപ്പില്‍ശാല കൊല്ലംകൊണം സ്വദേശി ബിസ്മീര്‍(37)ആണ് മതിയായ ചികില്‍സ ലഭിക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച മരണപ്പെട്ടത്.
തിരുവനന്തപുരം വിളപ്പില്‍ശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെയാണ് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച രോഗിക്ക് ജീവനക്കാര്‍ ഗേറ്റ് തുറന്നു നല്‍കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ചികില്‍സ വൈകിയതിനാലാണ് യുവാവ് മരിച്ചെതെന്നാണ് ആരോപണം. ശ്വാസതടസവുമായി പുലര്‍ച്ചെ ഒരു മണിയോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സ വൈകിയെന്നാണ് ആരോപണം. പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ബിസ്മീര്‍ മരണപ്പെട്ടു.
സ്വിഗ്ഗി ജീവനക്കാരനാണ് മരിച്ച ബിസ്മിര്‍. സിപിആറും ഓക്‌സിജനും നല്‍കാന്‍ തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നു. കുടുംബം വിളപ്പില്‍ശാല മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. ഉടന്‍ ഡിഎംഒക്ക് പരാതി നല്‍കുമെന്ന് കുടുംബം പറഞ്ഞു. പ്രാഥമികമായി ചെയ്യേണ്ടതെല്ലാം ചെയ്തിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് രമ പറഞ്ഞു. രോഗിയുടെ നില മോശമായതിനാലാണ് മെഡിക്കല്‍ കോളേജിലേക്ക് അയച്ചതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. പട്ടി കയറുന്നതിനാലാണ് ആശുപത്രിയുടെ ഗേറ്റ് പൂട്ടിയിട്ടത് എന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.