റീല്‍ ചിത്രീകരണത്തിനിടെ പാലത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു
വീഴ്ചയുടെ ക്ലിപ്പ് മൊബൈലില്‍
റായ്സെന്‍: മധ്യപ്രദേശിലെ റായ്സെന്‍ ജില്ലയില്‍ മൊബൈല്‍ ഫോണില്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെ 50 അടി ഉയരമുള്ള പാലത്തില്‍ നിന്നു വീണ് യുവാവ് മരിച്ചു. നൂര്‍നഗര്‍ സ്വദേശിയായ മധന്‍ നൂറിയ(25)ആണ് മരിച്ചത്. ജയ്പുര്‍-ജബല്‍പുര്‍ ദേശീയ പാത 45ല്‍ ചിള്ളി-സിലാരി, നൂറിനഗര്‍ ഗ്രാമങ്ങള്‍ക്കിടയില്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. സൂര്യാസ്തമയ സമയത്ത് പാലത്തില്‍ വെച്ച് മൊബൈല്‍ ഫോണില്‍ ചിത്രങ്ങളും റീലുകളും എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുന്നതിനിടയില്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ യുവാവിന്റെ നട്ടെല്ല് ഒടിയുകയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലാകുകയും ചെയ്തിരുന്നു. യുവാവിനെ സമീപത്തെ ധാബയിലെ ജീവനക്കാര്‍ ചേര്‍ന്ന് ഉടനെ ഉദയ്പുരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
യുവാവ് റീലെടുക്കുമ്പോഴായിരുന്നു അപകടമെന്ന് ഉദയപുര പോലിസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ജയ്വന്ത് സിങ് കക്കോഡിയ പറഞ്ഞു. യുവാവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍, വീഴ്ചയുടെ ദൃശ്യം ഉള്‍പ്പെടെ ഫോണില്‍ ഉണ്ടായിരുന്നതായി പോലിസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബുധനാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് കൈമാറി.