സ്വകാര്യബസിലെ വീഡിയോ പ്രചാരണം മൂലം യുവാവ് ജീവനൊടുക്കിയ സംഭവം; യുവതിക്കെതിരേ കുടുംബം പരാതി നല്‍കി
യുവതിക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്ന് കുടുംബം
കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരേ കുടുംബം പരാതി നല്‍കി. സംഭവത്തില്‍ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടാണ് കുടുംബം സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ബസില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാരോപിച്ച് യുവതി വിഡിയോ പ്രചരിപ്പിച്ചതിനു പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള അപകീര്‍ത്തിപ്പെടുത്തലാണ് ദീപക്കിന്റെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു.
ബസില്‍ വെച്ച് ദീപക് ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നായിരുന്നു ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ യുവതി ആരോപണം ഉന്നയിച്ചത്. ബസില്‍ നിന്ന് യുവതി പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളും യുവതി പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ദീപക്കിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. . യുവതി ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റായിരുന്നുവെന്നും വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ഇന്നലെ പുലര്‍ച്ചെയാണ് വീട്ടില്‍ ദീപക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വസ്ത്ര വ്യാപാരിയായിരുന്ന ദീപക് കോഴിക്കോട്ടു നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് സംഭവം.