വാട്‌സ്ആപ്പ് മെസേജിന് പിന്നാലെ യുവസംരംഭകന് 5.88 ലക്ഷം രൂപ നഷ്ടം

Update: 2025-09-12 05:52 GMT

കൊടുങ്ങല്ലൂര്‍: ഗതാഗത നിയമലംഘനത്തിന് പിഴ അടക്കണമെന്ന് പറഞ്ഞ് വാട്‌സ്ആപ്പില്‍ വന്ന സന്ദേശം വിശ്വസിച്ച യുവസംരംഭകന് 5,88,500 രൂപ നഷ്ടമായി. കൊടുങ്ങല്ലൂര്‍ അഴീക്കോട് സ്വദേശി അബ്ദുല്‍ ബാസിത്തിന്റെയും ഭാര്യയുടെയും അക്കൗണ്ടുകളില്‍ നിന്നുമാണ് പണം നഷ്ടമായത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സിഗ്നല്‍ ലംഘനത്തിന് '500 രൂപ പിഴ അടക്കണം' എന്നായിരുന്നു സന്ദേശം. അബ്ദുല്‍ ബാസിത് നല്‍കിയ വിവരങ്ങളും ആധാര്‍ നമ്പറും ഉപയോഗിച്ച് തട്ടിപ്പുകാര്‍ തുടര്‍ച്ചയായി ഒടിപി നേടിയെടുത്തു. പിന്നാലെ അക്കൗണ്ടുകളിലെത്തുകയും അഞ്ചുതവണയായി 5.88 ലക്ഷം രൂപ പിന്‍വലിക്കുകയും ചെയ്തു.

ബാങ്ക് ആപ്പില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ലെന്നറിയിച്ചപ്പോള്‍ ഇന്‍ഡസ്സ്ഇന്‍ഡ് ബാങ്ക് അധികൃതര്‍ ആവശ്യത്തിന് പ്രതികരിച്ചില്ലെന്നു ബാസിത് ആരോപിച്ചു. ബാങ്കില്‍ വിവരം അറിയിച്ചിട്ടും പണം നഷ്ടപ്പെടുന്നതിന് തടയാന്‍ നടപടിയുണ്ടായില്ലെന്നാണ് പരാതി. സംഭവത്തിനിടെ ഫോണില്‍ പതിവില്ലാത്ത ചൂട് അനുഭവപ്പെട്ടതായും തുടര്‍ന്ന് വാട്‌സ്ആപ്പ് അക്കൗണ്ടും നഷ്ടമായതായും ബാസിത് പറഞ്ഞു. സംഭവം സംബന്ധിച്ച് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.

സമീപകാലത്ത് രാജ്യത്ത് ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ വര്‍ധിച്ചുവരികയാണ്. ഒരാഴ്ച മുന്‍പ് ബംഗളൂരുവില്‍ ഒരു കര്‍ഷകന് സമാന രീതിയില്‍ അഞ്ചുലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ആര്‍ടിഒ മെസേജുകളെന്ന പേരില്‍ വരുന്ന ഇത്തരം സന്ദേശങ്ങള്‍ വ്യാജമാണെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കി.

Tags: