കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ റിമാന്‍ഡിലായ സംവിധായകന്‍ രഞ്ജിത്തിനെതിരെ നടപടിയുമായി സിനിമാ സംഘടനകള്‍. രഞ്ജിത്തിനെ ഫെഫ്കയില്‍നിന്ന് പുറത്താക്കി. കേസില്‍ വിധി വരുന്നത് വരെ ഡയറക്ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. സമാനമായ രീതിയില്‍ ആരോപണവിധേയരായ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരേ ഇത്തരത്തിലുള്ള നടപടി തന്നെയാണ് നേരത്തെയും സംഘടന എടുത്തിട്ടുള്ളത്.
ഇപ്പോഴുണ്ടായിരിക്കുന്നത് പ്രാഥമിക നടപടിക്രമമാണെന്നും രണ്ട് യൂണിയനുകളുടെയും ജനറല്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയ പ്രകാരം ഓണ്‍ലൈനായി ഒരു കമ്മിറ്റി ചേര്‍ന്ന് വിഷയത്തില്‍ നടപടിയെടുക്കുമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. 'സമാനമായ രീതിയില്‍ ആരോപണവിധേയരായ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരേ ഇത്തരത്തിലുള്ള നടപടി തന്നെയാണ് നേരത്തെയും സംഘടന എടുത്തിട്ടുള്ളത്. ഇപ്പോഴുണ്ടായിരിക്കുന്നത് പ്രാഥമിക നടപടിക്രമമാണെന്നും രണ്ട് യൂണിയനുകളുടെയും ജനറല്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയ പ്രകാരം ഓണ്‍ലൈനായി ഒരു കമ്മിറ്റി ചേര്‍ന്ന് വിഷയത്തില്‍ നടപടിയെടുക്കുമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നിലവില്‍ ഐസിസിയില്‍ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രകാശ് വര്‍മ നായകനായെത്തുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് യുവനടിക്കെതിരേ അതിക്രമമുണ്ടായത്. കാരവാനില്‍വെച്ച് കയറിപിടിച്ചെന്നാണ് യുവനടിയുടെ പരാതി. ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, ഇതൊരു കള്ളക്കേസാണെന്ന് തെളിയുമെന്നായിരുന്നു എറണാകുളം സബ് ജയിലില്‍ എത്തിച്ചപ്പോള്‍ രഞ്ജിത്തിന്റെ പ്രതികരണം. ചിത്രത്തില്‍നിന്ന് ഒഴിവാക്കിയതിലുള്ള വിരോധമാണ് പരാതിക്കു പിന്നിലെന്നാണ് രഞ്ജിത്തിനോട് അടുപ്പമുള്ളവര്‍ പറയുന്നത്. അഭിനയം മോശമാണെന്ന് പറഞ്ഞാണ് സിനിമയില്‍ നിന്ന് ഒഴിവാക്കിയത്. അതിന്റെ വിരോധമാണ് പരാതിയെന്നാണ് ന്യായീകരണം.
രഞ്ജിത്തിനെതിരെ മുന്‍പ് ഉയര്‍ന്ന രണ്ട് പ്രധാന കേസുകളും ഹൈക്കോടതി റദ്ദാക്കിയിരുന്നു. ബംഗാളി നടി നല്‍കിയ ലൈംഗികാതിക്രമ പരാതിയും യുവാവ് ഉന്നയിച്ച പീഡന ആരോപണവുമാണ് കോടതി തള്ളിയത്. 2012ല്‍ ബെംഗളൂരുവില്‍ വെച്ച് പീഡനത്തിന് ഇരയാക്കി എന്നാരോപിച്ച് ഒരു യുവാവും പരാതി നല്‍കിയിരുന്നു. ഈ പരാതിക്ക് വിശ്വാസ്യതയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി ഈ കേസും റദ്ദാക്കുകയായിരുന്നു.
2009ല്‍ 'പാലേരി മാണിക്യം' സിനിമയുടെ ചിത്രീകരണത്തിനിടെ കൊച്ചിയിലെ ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു സംഭവമെന്നും നടി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ 2024ലാണ് ഈ വിഷയത്തില്‍ പരാതി നല്‍കിയത്. ഈ കേസില്‍ പോലിസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ നല്‍കി. എന്നാല്‍ പരാതി നല്‍കാന്‍ ഏറെ വൈകിയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബറില്‍ ഹൈക്കോടതി ഈ കേസ് റദ്ദാക്കുകയായിരുന്നു.
2012ല്‍ ബെംഗളൂരുവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് സംവിധായകന്‍ രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് പരാതി നല്‍കിയിരുന്നു. രഞ്ജിത്തിനെതിരെ എറണാകുളം നോര്‍ത്ത് പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പരാതി നല്‍കിയതില്‍ ഉണ്ടായ 12 വര്‍ഷത്തെ കാലതാമസം ചൂണ്ടിക്കാട്ടി കര്‍ണാടക ഹൈക്കോടതി 2025 ജൂലൈയില്‍ ഈ കേസ് റദ്ദാക്കുകയായിരുന്നു.
ഈ രണ്ടു കേസിന് പിന്നാലെയാണ് മൂന്നാമതൊരു കേസ് കൂടി രഞ്ജിത്തിനെതിരെ എത്തുന്നത്. ജനുവരി ഒന്‍പതിന് ഫോര്‍ട്ട് കൊച്ചിയിലെ സിനിമാ സെറ്റില്‍ വച്ച് കാരവാനില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. ഇടുക്കി എസ്പിയുടെ നിര്‍ദ്ദേശപ്രകാരം തൊടുപുഴയില്‍ വെച്ച് കാര്‍ തടഞ്ഞാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.

