'നിങ്ങളെ വാസക്ടമിക്ക് കൊണ്ടുപോകുകയാണ്, നിങ്ങളുടെ ആളുകള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നു'; ഡല്‍ഹിയിലെ രോഹിങ്ഗ്യകള്‍ നേരിടുന്നത് വംശഹത്യാ ഭീഷണി
ന്യൂഡല്‍ഹി: ജൂണ്‍ 24 ചൊവ്വാഴ്ച രാത്രി 11:30 ഓടെ, ഡല്‍ഹിയിലെ ഷഹീന്‍ ബാഗ് പ്രദേശത്തെ ശ്രാം വിഹാര്‍ അഭയാര്‍ഥി ക്യാംപില്‍ കുറച്ച് ഉദ്യോഗസ്ഥര്‍ എത്തി. പോലിസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് സിവിലിയന്‍ വേഷത്തിലെത്തിയ ആളുകളായിരുന്നു അവര്‍. പാതി ഉറക്കത്തിലേക്കെത്തിയ പലരും ശബ്ദം കേട്ട് വാതിലുകള്‍ തുറക്കാനെത്തി. എന്നാല്‍ അപ്പോഴേക്കും പല വാതിലുകളും പോലിസ് ചവിട്ടിപ്പൊളിച്ചിരുന്നു. ഷെല്‍ട്ടറുകളുടെ വാതിലുകള്‍ തകര്‍ത്ത്, പുരുഷന്മാരെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ അടക്കം നാലു പേരെയാണ് ഡല്‍ഹി പോലിസ് അന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്.
അബുല്‍ ഫയാസ് (30), അബ്ദുള്‍ റകീം (28), മുഹമ്മദ് സലിം (30), അബു തയ്യാബ് എന്ന 14 വയസ്സുള്ള ആണ്‍കുട്ടി എന്നിവരാണ് അറസ്റ്റിലായ നാലു പേര്‍. ക്യാംപ് നിവാസിയായ നൂറുല്‍ അമീന്‍ പറയുന്നതനുസരിച്ച്, ഇവരില്‍ ആര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമില്ല. പക്ഷെ, ആ അറസ്റ്റിനു പിന്നില്‍ ഉണ്ടായിരുന്നത് ഒരേ ഒരു കാരണം. അവര്‍ രോഹിങ്ഗ്യകളായിരുന്നു എന്നതു മാത്രമാണ് ആ കാരണം...
'നിങ്ങളെ ഒരു വാസക്ടമിക്ക് കൊണ്ടുപോകുകയാണ്. നിങ്ങളുടെ ആളുകള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നു,' എന്നാണേ്രത ഉദ്യോഗസ്ഥര്‍ അന്ന് അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്ന പുരുഷന്മാരോട് പറഞ്ഞത്. എന്തിനാണ് ഇന്ത്യയിലേക്ക് വന്നത് എന്നതടക്കമുള്ള ചോദ്യങ്ങളാണ് തടവിലാക്കിയവരോട് പോലിസ് ചോദിച്ചത് എന്നാണ് റിപോര്‍ട്ടുകള്‍.
'112ല്‍ വിളിച്ച് എന്താണ് സംഭവിക്കുന്നതെന്നും എന്തിനാണ് അറസ്‌ററ് ചെയ്യുന്നതെന്നും ചോദിച്ചപ്പോള്‍ അവര്‍ ഒരു മറുപടിയും നല്‍കിയില്ല. ആളുകളെ കൊണ്ടു പോകരുതെന്ന് പറഞ്ഞപ്പോള്‍ വായ് മൂടിക്കെട്ടി ഇരുന്നോ, അല്ലെങ്കില്‍ അടുത്തത് നിങ്ങളായിരിക്കും' എന്നായിരുന്നു ഭീഷണി' ക്യാംപ് നിവാസിയായ അമീന്‍ പറയുന്നു.
'ഇവിടെ 100 കുടുംബങ്ങളുണ്ട്, അവര്‍ക്കെല്ലാം യുഎന്‍എച്ച്‌സിആര്‍ കാര്‍ഡുകളുണ്ട്,' 'ഏറ്റവും ഭയാനകമായ കാര്യം എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് അറിയാത്തതാണ്. നമ്മള്‍ എന്തെങ്കിലും തെറ്റ് ചെയ്യുകയാണെങ്കില്‍, കുറഞ്ഞത് ഞങ്ങളോട് പറയൂ.' അദ്ദേഹം പറഞ്ഞു.
രാത്രിയില്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ വരും.തുടര്‍ന്ന് കുടുംബങ്ങളോട് സംസാരിക്കും, പിന്നീട് പിറ്റേന്ന് രാവിലെ ആരെയെങ്കിലും കൂട്ടിക്കൊണ്ടുപോകാന്‍ അവര്‍ തിരിച്ചെത്തുന്നത് പതിവായി മാറികൊണ്ടിരിക്കുകയാണെന്നാണ് റിപോര്‍ട്ടുകള്‍.
മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്തെ അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതിന് ശേഷമാണ് 2013 ല്‍ 35 കാരനായ അമിന്‍ ഇന്ത്യയിലെത്തിയത്. മാതാപിതാക്കള്‍, രണ്ട് സഹോദരന്മാര്‍, ഭാര്യാസഹോദരി എന്നിവര്‍ താമസിച്ചിരുന്ന ശ്രാം വിഹാറില്‍ അവരെ കാണാതാകുന്നതു വരെ, അദ്ദേഹം പതിവായി പോയിരുന്നു.
ജൂണ്‍ ആദ്യ വാരത്തില്‍ തന്റെ കുടുംബാംഗങ്ങളിലെ ആറ് പേരെ ബയോമെട്രിക് പരിശോധനയ്ക്കായി ഒരു പ്രാദേശിക പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതായും തുടര്‍ന്ന് അവരെ ഇന്ദര്‍പുരിയിലെ ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് നടത്തുന്ന തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു.
അവിടെ നിന്ന് അവരെ ഒരു ഇന്ത്യന്‍ നാവിക താവളത്തിലേക്ക് കൊണ്ടുപോയി, നിര്‍ബന്ധിച്ച് ലൈഫ് ജാക്കറ്റുകള്‍ ധരിപ്പിച്ച്, ആന്‍ഡമാന്‍ കടലിലെ ഒരു വിദൂര ദ്വീപിന് സമീപം ഉപേക്ഷിച്ചതായി റിപോര്‍ട്ടുണ്ട്.
'അവരെ രക്ഷിച്ചത് മല്‍സ്യത്തൊഴിലാളികളാണ്,' അമിന്‍ പറഞ്ഞു. എന്റെ സഹോദരന്‍ ഒരു മല്‍സ്യത്തൊഴിലാളിയുടെ ഫോണില്‍ നിന്ന് എന്നെ വിളിച്ചു. അതിനുശേഷം, പിന്നെ ഒരു വിവരവും ഉണ്ടായില്ല, അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് എനിക്കറിയില്ല. മ്യാന്‍മറിലെ സ്ഥിതി കൂടുതല്‍ വഷളാകുകയാണെന്ന് ലോകത്തിന് അറിയാം,ഇപ്പോള്‍ ഇന്ത്യയില്‍ തുടരുന്നതും ബുദ്ധിമുട്ടാണ്.' അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ അനിയന്ത്രിതമായ തടങ്കലുകള്‍ കുത്തനെ വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെയ് 6 നും 9 നും ഇടയില്‍, ഇന്ത്യന്‍ സര്‍ക്കാര്‍ കിഴക്കന്‍ തീരത്ത് നിന്ന് കുറഞ്ഞത് 40 രോഹിങ്ഗ്യന്‍ അഭയാര്‍ഥികളെ മ്യാന്‍മറിലേക്ക് നാടുകടത്തി. അതേ സമയം തന്നെ, മറ്റ് 50 അഭയാര്‍ഥികളെ അസം-ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെ ബംഗ്ലാദേശിലേക്ക് കൊണ്ടുപോവുകയും ചെയ്തു. രോഹിങ്ഗ്യകള്‍ക്കു നേരയുള്ള ഇത്തരം മനുഷ്യത്വരഹിതമായ നടപടികള്‍ ഇന്ത്യന്‍ ഭരണഘടനാ മൂല്യങ്ങളെയും അന്താരാഷ്ട്ര അഭയാര്‍ഥി സംരക്ഷണത്തെയും ലംഘിക്കുന്നതാണെന്ന് അഭയാര്‍ഥികളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ അഡ്വ. ഫസല്‍ അബ്ദാല്‍ പറയുന്നു. 2021 ഏപ്രില്‍ വരെ, ഇന്ദര്‍പുരിയിലെ എഫ്ആര്‍ആര്‍ഒ കേന്ദ്രത്തില്‍ കുറഞ്ഞത് 89 രോഹിങ്ഗ്യകന്‍ അഭയാര്‍ഥികളെ തടഞ്ഞുവച്ചിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
35 കാരനായ അമിനെ പോലെ മാതാപിതാക്കളെയും സ്വന്തക്കാരെയും നഷ്ടപ്പെട്ട്, നാളെ എന്ത് സംഭവിക്കും എന്നു പോലും അറിയാതെ ജീവിതം മുന്നോട്ടു കൊണ്ടു പോവുകയാണ് രോഹിങ്ഗ്യകള്‍. എപ്പോള്‍ വേണമെങ്കിലും പിടികൂടാം, കുറ്റവാളിയല്ലാതെ കുറ്റവാളി കണക്കെ ജീവിക്കേണ്ടി വരുന്ന അവസ്ഥ, മൃഗങ്ങളെ പോലെ ആട്ടിയകറ്റുന്ന ആളുകള്‍, പിടികൂടി കടലില്‍ തള്ളുക ഇതെല്ലാം കൂടി ചേരുന്നതാണ് ഇവരുടെയൊക്കെ ജീവിതം ഇപ്പോള്‍.
നിരന്തരം ഭയത്തില്‍ ജീവിക്കുന്നത് സാധ്യമല്ലെന്നും, നാടുകടത്തല്‍ മാത്രമാണ് ഏക പദ്ധതി എങ്കില്‍, ഞങ്ങളെ ഒരുമിച്ച് മുക്കിക്കൊല്ലുകയാണ് നല്ലതെന്നും പറഞ്ഞവസാനിപ്പിക്കുമ്പോള്‍ അമീനിന്റെ തൊണ്ടയിടറി...

