യുപിയില്‍ യോഗി-ശങ്കരാചാര്യ പോര് മുറുകുന്നു; അയോധ്യ ജിഎസ്ടി കമ്മീഷണര്‍ രാജിവെച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിയും തമ്മിലുള്ള തര്‍ക്കം മുറുകുന്നതിനിടെ, മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാര്‍ സിങ് രാജിവെച്ചു. മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയും ശങ്കരാചാര്യര്‍ അപമാനിച്ചുവെന്ന് ആരോപിച്ചാണ് അയോധ്യയിലെ ജിഎസ്ടി കമ്മീഷണറായ പ്രശാന്ത് കുമാറിന്റെ രാജി.
പ്രയാഗ്രാജിലെ മാഘമേളയ്ക്കിടെ സംഗമത്തില്‍ പുണ്യസ്‌നാനം നടത്തുന്നതില്‍ നിന്ന് തന്നേയും അനുയായികളേയും പോലിസ് തടഞ്ഞുവെന്ന് ശങ്കരാചാര്യര്‍ ആരോപിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. എന്നാല്‍ തിരക്ക് കാരണം രഥയാത്ര തടയുക മാത്രമാണ് ചെയ്തതെന്നും നടന്നുപോകാന്‍ ആവശ്യപ്പെട്ടെന്നുമാണ് അധികൃതരുടെ വിശദീകരണം. ഇത് തന്നെ അപമാനിക്കലാണെന്ന് ശങ്കരാചാര്യര്‍ ആരോപിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്കെതിരായ ശങ്കരാചാര്യരുടെ അധിക്ഷേപങ്ങള്‍ സഹിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് പ്രശാന്ത് കുമാര്‍ സിങ് രാജി സമര്‍പ്പിച്ചത്. സര്‍ക്കാരിനേയും ഭരണഘടനയേയും ജനാധിപത്യത്തേയും പിന്തുണയ്ക്കാനാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാരാണ് എന്റെ അന്നദാതാവ്, റോബോട്ടിനെപ്പോലെ വെറുതെ ശമ്പളം വാങ്ങാന്‍ എനിക്ക് കഴിയില്ലെന്നും രാജി അംഗീകരിച്ച ശേഷം സാമൂഹിക പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് തീരുമാനമെന്നും പ്രശാന്ത് കുമാര്‍ വ്യക്തമാക്കി.
സംഭവത്തെത്തുടര്‍ന്ന് ശങ്കരാചാര്യരും മുഖ്യമന്ത്രിയും തമ്മില്‍ രൂക്ഷമായ വാക്‌പോര് നടന്നു. പേരെടുത്തു പറയാതെ ശങ്കരാചാര്യരെ 'കാലനേമി' (രാമായണത്തില്‍ സന്യാസി വേഷധാരിയായ അസുരന്‍) എന്ന് യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചു. ഹനുമാനെ ചതിക്കാന്‍ സന്യാസി വേഷം കെട്ടിവരുന്ന രാക്ഷസനെപ്പോലെയുള്ളവരെ സൂക്ഷിക്കണം എന്നായിരുന്നു യോഗിയുടെ പരാമര്‍ശം. യോഗി ആദിത്യനാഥ് ഇപ്പോള്‍ രാഷ്ട്രീയക്കാരനാണെന്നും മതം സന്യാസിമാര്‍ക്ക് വിട്ടുകൊടുക്കണമെന്നും അദ്ദേഹം തിരിച്ചടിച്ചു. ഇതിന് മറുപടിയായി, ഒരു മുഖ്യമന്ത്രി മതത്തെക്കുറിച്ചല്ല, മറിച്ച് വിദ്യാഭ്യാസം, ആരോഗ്യം, സംസ്ഥാനത്തിന്റെ വികസനം എന്നിവയെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്ന് ശങ്കരാചാര്യര്‍ പ്രതികരിച്ചു. മതം സന്യാസിമാര്‍ക്ക് വിട്ടുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
