ചെങ്കടലില്‍ വലിയ അല്‍ഭുദങ്ങള്‍ നടക്കുമെന്ന് അന്‍സാറുല്ല

Update: 2025-07-29 15:30 GMT

സന്‍ആ: ഗസയില്‍ ആക്രമണം നടത്തുന്ന ഇസ്രായേലിനെതിരായ നാലാം ഘട്ട ഓപ്പറേഷനുകളില്‍ വലിയ അല്‍ഭുദങ്ങള്‍ നടക്കുമെന്ന് യെമനിലെ അന്‍സാറുല്ല പ്രസ്ഥാനത്തിന്റെ തീരദേശ പ്രതിരോധസേനാ മേധാവി.

ഫലസ്തീനികളെ പിന്തുണയ്ക്കാനും ചെങ്കടലിലേയും അറബിക്കടലിലെയും യുഎസിന്റെയും പാശ്ചാത്യരുടെയും മേല്‍ക്കോയ്മ ഇല്ലാതാക്കാനും യെമന്‍ നാവിക സേനയ്ക്ക് ശേഷിയുണ്ടെന്ന് തീരദേശ പ്രതിരോധസേനാ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അലി അല്‍ ഖാദ്‌രി പറഞ്ഞു.

ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഘട്ടങ്ങളായാണ് യെമന്‍ ആക്രമണങ്ങള്‍ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. '' ഇപ്പോള്‍ യെമന്റെ പ്രവര്‍ത്തനങ്ങള്‍ നാലാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അതിനാല്‍ യുഎസും ഇസ്രായേലും സ്വന്തം നിലപാടുകള്‍ പുനപരിശോധിക്കണം. അല്ലെങ്കില്‍ അവര്‍ വലിയ അല്‍ഭുദങ്ങള്‍ നടക്കുന്നത് കാണേണ്ടി വരും. ചെറിയ തോതിലെ പ്രവര്‍ത്തനങ്ങള്‍ തന്നെ യുഎസ് നേവിയുടെ ശേഷി ഇല്ലാതാക്കി. അവര്‍ പടക്കപ്പലുകള്‍ പിന്‍വലിച്ച് സ്ഥലം വിട്ടു. സയണിസ്റ്റുകളുമായി ബന്ധമുള്ള കപ്പലുകളെ നേരിടാന്‍ നിരവധി മാര്‍ഗങ്ങളുമുണ്ട്. അതിനാല്‍, അവരുമായി ബന്ധം പുലര്‍ത്താതിരിക്കലാണ് എല്ലാവര്‍ക്കും നല്ലത്. ചെങ്കടലില്‍ ഇപ്പോള്‍ യെമന്‍ വിചാരിക്കാതെ ഒന്നും നടക്കില്ല.''-അദ്ദേഹം പറഞ്ഞു.