ഇസ്രായേലിനെതിരായ ആക്രമണം നാലാം ഘട്ടത്തില്‍; ഇസ്രായേലി തുറമുഖവുമായി ബന്ധപ്പെട്ട ഒരു കപ്പലുകളെയും വെറുതെവിടില്ലെന്ന് അന്‍സാറുല്ല
സന്‍ആ: ഗസയില്‍ അധിനിവേശം തുടരുന്ന ഇസ്രായേലിനെതിരായ ആക്രമണങ്ങള്‍ നാലാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് അന്‍സാറുല്ല. ഇസ്രായേലിലെ തുറമുഖങ്ങളുമായി ബന്ധപ്പെടുന്ന കപ്പലുകളെ അവയുടെ ദേശീയതയും ലക്ഷ്യവും നോക്കാതെ തടയുമെന്ന് അന്‍സാറുല്ല സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി അറിയിച്ചു. ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂരതകളില്‍ അറബ്-ഇസ്‌ലാമിക രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹവും മൗനം പാലിക്കുന്നതിനാലാണ് ആക്രമണം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോവുന്നത്. ഇസ്രായേലിലെ തുറമുഖങ്ങളുമായി ബന്ധപ്പെടുന്ന കപ്പലുകള്‍ തങ്ങളുടെ മിസൈലുകളുടെയും ഡ്രോണുകളുടെയും പരിധിയില്‍ എത്തിയാല്‍ ആക്രമിക്കുമെന്ന് യഹ്‌യാ സാരി പറഞ്ഞു. ഗസയ്‌ക്കെതിരായ ഉപരോധവും ആക്രമണവും നിര്‍ത്തിയാല്‍ ഉടന്‍ ആക്രമണങ്ങളും നിര്‍ത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.