സന്‍ആ: ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇസ്രായേലില്‍ ഡ്രോണ്‍ ആക്രമണം നടത്തി യെമനിലെ അന്‍സാറുല്ല. എലിയാത്ത് തുറമുഖവും നെഗേവ് മരുഭൂമിയിലെ സൈനികതാവളവുമാണ് ആക്രമിച്ചതെന്ന് അന്‍സാറുല്ല സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി അറിയിച്ചു. ഗസയിലെ ഇസ്രായേലി അധിനിവേശവും ഉപരോധവും അവസാനിപ്പിക്കുന്നതു വരെ ആക്രമണം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എലിയാത്ത് തുറമുഖം പ്രവര്‍ത്തിക്കുന്നില്ലെന്ന് ഷിപ്പിങ് മന്ത്രാലയം മുന്‍ മേധാവി യിഗാല്‍ മാവോര്‍ പറഞ്ഞു. ''ചെങ്കടലിലും അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും സഞ്ചരിക്കുന്ന ഇസ്രായേലി കപ്പലുകള്‍ അന്‍സാറുല്ലയുടെ ഭീഷണി നേരിടുകയാണ്. ചെങ്കടലിലെ പ്രശ്‌നം ഇപ്പോളൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി എലിയാത്ത് തുറമുഖം പൂട്ടിയിട്ടിരിക്കുകയാണ്.''-യിഗാല്‍ മാവോര്‍ വിശദീകരിച്ചു.
ചെങ്കടലില്‍ സ്ഥിതി ചെയ്യുന്ന എലിയാത്ത് തുറമുഖം വഴിയാണ് കാറുകളും മരുന്നുകളും മറ്റു ചരക്കുകള്‍ ഇസ്രായേല്‍ ഇറക്കുമതി ചെയ്തിരുന്നത്. കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നും കൃഷിക്കുള്ള ഫോസ്‌ഫേറ്റും മറ്റും എത്തിച്ചിരുന്നതും ഈ തുറമുഖം വഴിയായിരുന്നു. അതെല്ലാം ഓര്‍മകള്‍ മാത്രമായി മാറിയിരിക്കുകയാണ്.