യുഎസിന്റെ എഫ്-35 യുദ്ധവിമാനങ്ങള്‍ വീഴ്ത്താന്‍ ഹൂത്തികള്‍ക്ക് സാധിക്കും: ബ്രിഗേഡിയര്‍ ജനറല്‍ ഖാലിദ് ഗുരാബ്
സന്‍ആ: യുഎസ് നിര്‍മിത എഫ്-35 യുദ്ധവിമാനങ്ങളെ വെടിവച്ചിടാനുള്ള ശേഷി യെമനിലെ ഹൂത്തികള്‍ സ്വന്തമാക്കിയെന്ന് സൈനിക വിദഗ്ദന്‍. സയണിസ്റ്റ് എഫ്-35 യുദ്ധവിമാനങ്ങള്‍ വെടിവച്ചിടുമെന്ന ഹൂത്തികളുടെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാണെന്ന് സൈനിക വിദഗ്ദനായ ബ്രിഗേഡിയര്‍ ജനറല്‍ ഖാലിദ് ഗുരാബ് പറഞ്ഞു.
യെമനില്‍ ആക്രമണം നടത്തുന്നതില്‍ നിന്നും യുഎസ് പിന്‍മാറിയതിന് രണ്ടുകാരണങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിമാനവാഹിനിക്കപ്പലുകളെയും യുദ്ധക്കപ്പലുകളെയും സംരക്ഷിക്കാനുള്ള കഴിവില്ലായ്മ, യുഎസ് സേനയ്‌ക്കെതിരെ നടത്തിയ മാരകമായ ആക്രമണങ്ങള്‍ എന്നിവയാണ് ഈ കാരണങ്ങള്‍. ആക്രമണത്തിനിടെ ഒരു എഫ്-35 വിമാനം അല്‍ഭുദകരമായാണ് രക്ഷപ്പെട്ടത്. എഫ്-16, എഫ്-15, റഫേല്‍, ടൊര്‍ണാഡോ എന്നിവയുള്‍പ്പെടെ എല്ലാത്തരം നാലാം തലമുറ യുദ്ധവിമാനങ്ങളെയും നേരത്തെ തന്നെ പരാജയപ്പെടുത്തിയതാണ്. അതിനാല്‍, ഇപ്പോള്‍ ശത്രുക്കളുടെ ഇത്തരം ഉപകരണങ്ങള്‍ ഇപ്പോള്‍ യെമന്റെ വ്യോമാതിര്‍ത്തി ലംഘിക്കാറില്ല. ബി-2 ബോംബറുകളും അഞ്ചാം തലമുറ സെമിസ്‌റ്റെല്‍ത്ത് എഫ്-35 വിമാനങ്ങളുമാണ് അവസാനം ഉപയോഗിച്ചത്. ഇവയും സുരക്ഷിതമല്ലെന്ന് അവര്‍ മനസിലാക്കി.
അത്യാധുനിക യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെടുന്നത് അവരുടെ ആഗോള പ്രശസ്തി തകരാനും ആയുധവില്‍പ്പനയെ പ്രതികൂലമായി ബാധിക്കാനും കാരണമാവും. എഫ്-35 യുദ്ധ വിമാനങ്ങള്‍ ചരിത്രത്തില്‍ ഇതുവരെയും യുദ്ധത്തില്‍ തകര്‍ന്നിട്ടില്ലെന്നാണ് അവര്‍ വീമ്പിളക്കുന്നത്. പക്ഷേ, അഞ്ചാം തലമുറ യുദ്ധവിമാനങ്ങളെയും വെടിവച്ചിടാനുള്ള ശേഷി യെമനികള്‍ അതിവേഗം വികസിപ്പിച്ചതായി ബ്രിഗേഡിയര്‍ ജനറല്‍ ഖാലിദ് ഗുരാബ് പറഞ്ഞു. യെമന്റെ തന്ത്രപ്രധാന മേഖലകളില്‍ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ വിന്യാസം ഇപ്പോള്‍ പൂര്‍ത്തിയായെന്നും അദ്ദേഹം സൂചിപ്പിച്ചു. അതായത്, സമീപ ഭാവിയില്‍ തന്നെ എഫ്-35 വിമാനങ്ങള്‍ വെടിവച്ചിടുമെന്ന്. യെമന്റെ മിസൈലുകളെ നേരിടാന്‍ യുഎസ് ഇസ്രായേലിന് കൊടുത്ത പ്രതിരോധ സംവിധാനങ്ങളെ പത്താം ദിവസത്തില്‍ യെമന്റെ മിസൈലുകള്‍ മറികടന്നുവെന്നും ബ്രിഗേഡിയര്‍ ജനറല്‍ ഗുരാബ് എടുത്തുപറഞ്ഞു.
2023 ഒക്ടോബറില്‍ ഗസയില്‍ ഇസ്രായേല്‍ അധിനിവേശം ആരംഭിച്ചതിനുശേഷം ഇസ്രായേലിന്റെ അടിസ്ഥാന സൗകര്യങ്ങളും ഷിപ്പിംഗ് റൂട്ടുകളും ലക്ഷ്യമിട്ട് യെമന്‍ സായുധ സേന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍, നാവിക, വ്യോമ ഉപരോധങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി തന്ത്രപരമായ സൈനിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
