ഇസ്രായേലിലെ വിമാനത്താവളവും യുഎസിന്റെ യുദ്ധക്കപ്പലുകളെയും ആക്രമിച്ച് ഹൂത്തികള്‍; യുഎസ് യുദ്ധവിമാനത്തിന് നേരെ മിസൈല്‍ അയച്ചു (വീഡിയോ)

Update: 2025-03-28 03:26 GMT

സന്‍ആ: ഇസ്രായേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തി യെമനിലെ ഹൂത്തികള്‍. സുള്‍ഫിക്കര്‍ എന്ന ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് അന്‍സാര്‍ അല്ലാഹ് പ്രസ്ഥാനത്തിന്റെ സൈനിക വക്താവായ ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി അറിയിച്ചു. ഇതിനു പുറമെ യഫ പ്രദേശത്തെ ഫലസ്തീന്‍-2 ഹൈപ്പര്‍സോണിക്ക് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചും ആക്രമിച്ചു.

ചെങ്കടലില്‍ യുഎസ് കൊണ്ടിട്ടിരിക്കുന്ന ഹാരി എസ് ട്രൂമാന്‍ എന്ന പടക്കപ്പലിന് നേരെയും ആക്രമണം നടന്നു. ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. കൂടാതെ യെമനില്‍ ബോംബിടാന്‍ എത്തിയ യുഎസ് യുദ്ധവിമാനത്തിന് നേരെയും മിസൈല്‍ അയച്ചു. ഇതോടെ വിമാനം സ്ഥലം വിട്ടു. അമ്രാന്‍ ഗവര്‍ണറേറ്റിലാണ് ഈ സംഭവമുണ്ടായത്.