ഇസ്രായേലിനെതിരെ വ്യോമ ഉപരോധവും പ്രഖ്യാപിച്ച് ഹൂത്തികൾ

Update: 2025-05-05 03:56 GMT

സൻആ: ഗസയിൽ ഫലസ്തീനികൾക്കെതിരേ വംശഹത്യ നടത്തുന്ന ഇസ്രായേലിനെതിരെ വ്യോമ ഉപരോധവും പ്രഖ്യാപിച്ച് യെമനിലെ അൻസാർ അല്ലാഹ് സർക്കാർ.

ഗസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിനും അതികമങ്ങൾക്കും മറുപടിയായി ഇസ്രായേലിനെതിരെ പൂർണ വ്യോമ ഉപരോധം നടപ്പാക്കുമെന്ന് അൻസാർ അല്ലാഹ് സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്‌യാ സാരി പ്രസ്താവനയിൽ പറഞ്ഞു.

"ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തെ പ്രാഥമിക ലക്ഷ്യമാക്കി മറ്റ് വിമാനത്താവളങ്ങളിൽ ആവർത്തിച്ച് ആക്രമണം നടത്തിയായിരിക്കും ഉപരോധം നടപ്പാക്കുക "- യഹ്യാ സാരി പറഞ്ഞു

എല്ലാ അന്താരാഷ്ട്ര വിമാനക്കമ്പനികളെയും ഉപരോധ തീരുമാനം അറിയിക്കുകയാണെന്നും വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇസ്രായേലിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കണമെന്നും യഹ്യ സാരി പറഞ്ഞു.

ലബ്നാൻ, സിറിയ തുടങ്ങിയ അറബ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ശത്രു നടത്തുന്നതുടർച്ചയായ ആക്രമണങ്ങളെ സ്വതന്ത്ര യെമൻ അംഗീകരിക്കില്ല. ഏറ്റുമുട്ടലിനെ യെമൻ ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.വംശഹത്യ നടത്തുന്ന രാജ്യങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നത് അന്താരാഷ്ട്ര നിയമം അംഗീകരിക്കുന്നുണ്ട്

ബെൻ ഗുരിയോൺ വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിനെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ഹൂത്തികൾ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചിരുന്നു. ഇസ്രായേലിന് യുഎസ് നൽകിയ ആരോ-3, താഡ് വ്യോമ പ്രതിരോധ ഉപകരണങ്ങളെ മറികടന്നാണ് ഈ മിസൈൽ ലക്ഷ്യം കണ്ടത്.

ഇതേ തുടർന്ന് പ്രധാന വിമാനക്കമ്പനികൾ തെൽ അവീവിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി.ലുഫ്താൻസ, എയർ ഫ്രാൻസ്, ഡെൽറ്റ, വിസ് എയർ തുടങ്ങിയ നിരവധി പ്രധാന അന്താരാഷ്ട്ര വിമാനക്കമ്പനികൾ ഞായറാഴ്ച തെൽ അവീവിലേക്കുള്ള വിമാനങ്ങൾ നിർത്തിവച്ചു.

സ്വിസ്, ഓസ്ട്രിയൻ എയർലൈൻസ്, ബ്രസ്സൽസ് എയർലൈൻസ് എന്നിവ ഉൾപ്പെടുന്ന ലുഫ്താൻസ ഗ്രൂപ്പ് മെയ് 6 വരെ ബെൻ ഗുരിയോൺ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നിർത്തിവച്ചു, ഫ്രാങ്ക്ഫർട്ട്, വിയന്ന, സൂറിച്ച്, മ്യൂണിക്ക് എന്നിവിടങ്ങളിൽ നിന്നുള്ള ഞായറാഴ്ച പുറപ്പെടലുകൾ റദ്ദാക്കി.

സൈപ്രസിലേക്കും തിരിച്ചുമുള്ള സർവീസുകൾ മെയ് 5 വരെ ടിയുഎസ് എയർവേയ്‌സ് നിർത്തിവച്ചു.എയർ ഇന്ത്യ എല്ലാ തെൽ അവീവ് വിമാന സർവീസുകളും മേയ് 6 വരെ നിർത്തിവച്ചു. ബ്രിട്ടീഷ് എയർവേയ്‌സ് മെയ് 7 വരെ സർവീസ് നടത്തില്ല. യുണൈറ്റഡ് എയർലൈൻസും തെൽ അവീവ് സർവീസുകൾ നിർത്തി.

സുരക്ഷാ സാഹചര്യങ്ങൾ മെയ് 8 വരെ ന്യൂയോർക്ക്-തെൽ അവീവ് സർവീസുകൾ നിർത്തിയതായി യുണൈറ്റഡ് എയർലൈൻസ് അറിയിച്ചു.യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുകയാണെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. .

ഒരു മിസൈൽ വന്നപ്പോൾ മാത്രം 30 ലക്ഷം ജൂത കുടിയേറ്റക്കാരെ സർക്കാർ മാറ്റി പാർപ്പിക്കേണ്ടി വന്നെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.