അതിതീവ്ര മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

Update: 2025-05-31 01:52 GMT

തിരുവനന്തപുരം: അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. എല്ലാ ജില്ലകളിലും ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴയ്ക്കു സാധ്യതയുണ്ട്. ശക്തമായ കാറ്റും മിന്നലും മഴയ്‌ക്കൊപ്പം പ്രവചിക്കുന്നു. മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗമുള്ള കാറ്റുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണം.

കേരള, കര്‍ണാടക തീരങ്ങളില്‍ ഇന്നും നാളെയും ലക്ഷദ്വീപ് തീരത്ത് 3 വരെയും മീന്‍പിടിത്തം പാടില്ല. കേരള തീരത്ത് 3 മുതല്‍ 3.9 മീറ്റര്‍ വരെ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ശക്തമായ കടലാക്രമണസാധ്യതയുള്ള മേഖലകള്‍ (റെഡ് അലര്‍ട്ട്): കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ (തിരുവനന്തപുരം), ആലപ്പാട്-ഇടവ (കൊല്ലം), ചെല്ലാനം- അഴീക്കല്‍ ജെട്ടി (ആലപ്പുഴ), മുനമ്പം- മറുവക്കാട് (എറണാകുളം), ആറ്റുപുറം- കൊടുങ്ങല്ലൂര്‍ (തൃശൂര്‍). ഇന്നലെ സംസ്ഥാനത്ത് 8 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. കാണാതായ നാലുപേരെ കണ്ടെത്തിയിട്ടില്ല.