യെലഹങ്ക കുടിയൊഴിപ്പിക്കല്‍; നിര്‍ണായക യോഗം വിളിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ
കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കാന്‍ തീരുമാനം
ബെംഗളൂരു: യെലഹങ്കയിലെ കുടിയൊഴിപ്പിക്കലില്‍ നിര്‍ണായക യോഗം വിളിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ നാളെ വൈകുന്നേരമാണ് യോഗം നടക്കുക. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും യോഗത്തില്‍ പങ്കെടുക്കും. എഐസിസി നിര്‍ദേശപ്രകാരമാണ് സര്‍ക്കാരിന്റെ ഇടപെടല്‍. കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ഇടക്കാല പുനരധിവാസം ഉടന്‍ സജ്ജമാക്കാനാണ് ധാരണ.
യെലഹങ്ക വസീംലേഔട്ടിലെ ഫക്കീര്‍ കോളനിയും സമീപ പ്രദേശങ്ങളും കഴിഞ്ഞ 20ന് പുലര്‍ച്ചെയാണ് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി ഒഴിപ്പിച്ചത്. മുസ് ലിം ഭൂരിപക്ഷ മേഖലയിലെ 300 വീടുകളിള്‍ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്തു. മാലിന്യസംസ്‌കരണത്തിനായി നീക്കിവച്ച ക്വാറി കയ്യേറിയതാണന്നായിരുന്നു വാദം. ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡാണ് വീടുകള്‍ പൊളിച്ചത്. യുപിയിലുള്‍പ്പെടെ ബിജെപിയുടെ ബുള്‍ഡോസര്‍ രാജിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ്, യെലഹങ്കയില്‍ ബുള്‍ഡോസര്‍ രംഗത്തിറക്കിയതിന്റെ പേരില്‍ രൂക്ഷമായ വിമര്‍ശനം നേരിടുകയാണ്.