സ്വയം നിയന്ത്രിത ഗതാഗതത്തിന് പുതിയ തുടക്കം കുറിച്ച് അബൂദബിയിലെ യാസ് ഐലന്റ്
അബൂദബി: സ്മാര്‍ട്ട് നഗര വികസനത്തിലേക്ക് കൂടുതല്‍ മുന്നേറുന്ന അബൂദബി, സ്വയം നിയന്ത്രിത ഗതാഗത സംവിധാനങ്ങള്‍ വ്യാപിപ്പിക്കുന്നതില്‍ പുതിയ നീക്കം നടത്തി. എമിറേറ്റിലെ പ്രധാന വിനോദകേന്ദ്രമായ യാസ് ഐലന്‍ഡിലേക്ക് ഡ്രൈവരില്ലാ ടാകസി സേവനം വ്യാപിപ്പിച്ചതായി അബൂദബി സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു.
സ്മാര്‍ട്ട് ആന്‍ഡ് ഓട്ടോണമസ് സിസ്റ്റംസ് കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ ലെവല്‍-4 ഓട്ടോണമസ് ടാക്‌സികളാണ് ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രാദേശിക ഓപ്പറേറ്ററായ ഓട്ടോഗോയും ചൈനീസ് ടെക് ഭീമനായ ബൈഡുവിന്റെ അനുബന്ധ സ്ഥാപനമായ അപ്പോളോ ഗോയും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. യാത്രക്കാര്‍ക്ക് ഓട്ടൊഗോ മൊബൈല്‍ ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാന്‍ കഴിയും. ആന്‍ഡ്രോയിഡ്, ആപ്പിള്‍ ആപ്പ് സ്‌റ്റോറുകളില്‍ ഈ ആപ്പ് ലഭ്യമാണ്. സുരക്ഷ ഉറപ്പാക്കുന്നതിനായി വ്യാപകമായ പരിശോധനകളും പരീക്ഷണങ്ങളും നടത്തിയ ശേഷമാണ് സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.
പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ അല്‍ റീം ഐലന്‍ഡ്, അല്‍ മറിയ ഐലന്‍ഡ്, അല്‍ സാദിയാത്ത് ഐലന്‍ഡ് എന്നിവിടങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനുള്ള പദ്ധതിയുണ്ട്. അതേസമയം, അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ടെസ്ലയും ഫെബ്രുവരി 26 മുതല്‍ അബൂദബിയില്‍ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പരീക്ഷണ ഓട്ടം ആരംഭിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ഡ്രൈവറോടുകൂടിയ വാഹനങ്ങളാണ് പരീക്ഷണം നടത്തിയത്.
യുഎഇ കാബിനറ്റിന്റെ ജനറല്‍ സെക്രട്ടേറിയറ്റിലെ ലെജിസ്ലേഷന്‍ ലാബുമായി ഏകോപിപ്പിച്ചാണ് ഈ പരീക്ഷണങ്ങള്‍ നടത്തുന്നത്. അബൂദബിയെ സ്മാര്‍ട്ട്, സുസ്ഥിര മൊബിലിറ്റി മേഖലയിലെ ആഗോള മാതൃകയാക്കി മാറ്റാനുള്ള ശ്രമങ്ങളിലെ നിര്‍ണായക ഘട്ടമായാണ് പുതിയ പദ്ധതിയെ വിലയിരുത്തുന്നത്.
