മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'

Update: 2024-04-19 10:50 GMT

മുംബൈ: മഹാരാഷ്ട്രയിലെ മാധ ലോക്‌സഭ മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോത്തിന്റെ പുറത്ത് യമരാജന്റെ വേഷമിട്ട് ഒരാള്‍ കലക്ടറേറ്റിലെത്തി. കറുത്ത നിറത്തിലുള്ള ധോത്തിയും തിളങ്ങുന്ന ശിരോവസ്ത്രവും ധരിച്ചെത്തിയ രാം ഗെയ്ക്‌വാദാണ് ആളുകളെ അമ്പരപ്പിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മാധ മണ്ഡലത്തില്‍ നിന്നാണ് ഗെയ്ക്‌വാദ് മത്സരിക്കുന്നത്.

രാജ്യത്തെ അഴിമതി അവസാനിപ്പിക്കാനും മറാത്ത ക്വാട്ട ഉറപ്പാക്കാനും രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നത് തടയാനുമാണ് താന്‍ യമരാജന്റെ വേഷം ധരിച്ചിരിക്കുന്നതെന്ന് ഗെയ്ക്‌വാദ് അവകാശപ്പെട്ടു. യമരാജന്റെ വേഷം ധരിച്ച് പോത്തിന്റെ പുറത്തെത്തിയ ഗെയ്ക്‌വാദിനെ കാണാന്‍ ആളുകള്‍ വണ്ടി നിര്‍ത്തി വഴിയോരത്ത് തടിച്ചുകൂടി.

പത്രിക തള്ളിയില്ലെങ്കില്‍, ബിജെപിയുടെ സിറ്റിങ് എംപി രഞ്ജിത് സിന്‍ നായിക് നിംബാല്‍കര്‍, എന്‍സിപിയുടെ ധൈര്യശീല്‍ മൊഹിതേ പാട്ടീല്‍ എന്നിവരായിരിക്കും ഗെയ്ക്‌വാദിന്റെ എതിരാളി. മൊഹീതേ പാട്ടീല്‍ കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ നിന്ന് രാജിവെച്ച് എന്‍സിപിയില്‍ ചേര്‍ന്നത്.

Tags:    

Similar News