ആര്‍എസ്എസ് മാര്‍ച്ചിന് അനുമതി നിഷേധിച്ച് യദ്ഗിര്‍ ജില്ലാ ഭരണകൂടം

Update: 2025-10-25 12:25 GMT

ബെംഗളൂരു: ആര്‍എസ്എസ് മാര്‍ച്ചിന് അനുമതി നിഷേധിച്ച് കര്‍ണാടകയിലെ യദ്ഗിര്‍ ജില്ലാ ഭരണകൂടം. ഇന്ന് നടത്താനിരുന്ന മാര്‍ച്ചിനാണ് അനുമതി നിഷേധിച്ചത്. ആര്‍എസ്എസിന്റെ അപേക്ഷ ലഭിച്ചത് വളരെ വൈകിയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഹര്‍ഷല്‍ ഭോയല്‍ പറഞ്ഞു. സര്‍ക്കാര്‍ ഭൂമിയില്‍ പരിപാടികള്‍ നടത്തണമെങ്കില്‍ മൂന്നു ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കണമെന്നാണ് വ്യവസ്ഥ. അത് പാലിക്കാത്തതിനാല്‍ അപേക്ഷ തള്ളിയെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ചിറ്റാപൂരില്‍ മാര്‍ച്ച് നടത്തണമെന്ന ആര്‍എസ്എസിന്റെ അപേക്ഷ കല്‍ബുര്‍ഗി ജില്ലാ ഭരണകൂടം തള്ളിയിരുന്നു. തുടര്‍ന്ന് അവര്‍ ഹൈക്കോടതിയെ സമീപിച്ചു. നവംബര്‍ രണ്ടിന് മാര്‍ച്ച് നടത്താന്‍ അനുവദിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാല്‍, അന്നേദിവസം തന്നെ മാര്‍ച്ച് നടത്തണമെന്ന് ആവശ്യപ്പെട്ട് ഭീം ആര്‍മി അടക്കമുള്ള സംഘടനകളും കോടതിയില്‍ ഹരജി നല്‍കി. ആ കേസുകള്‍ ഇനി ഒക്ടോബര്‍ 30നാണ് പരിഗണിക്കുക.