സ്ഥാനാര്‍ഥിയുടെ ചിത്രത്തില്‍ റീത്ത്; ആര്‍എസ്എസ് തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്: എസ്ഡിപിഐ

Update: 2025-12-07 13:47 GMT

കണ്ണൂര്‍: പാനൂരിനടുത്ത് കുന്നോത്തു പറമ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയുടെ ചിത്രത്തില്‍ റീത്ത് വച്ച ആര്‍എസ്എസ് നടപടി അത്യന്തം പ്രകോപനപരവും തീക്കൊള്ളി കൊണ്ട് തല ചൊറിയലുമാണെന്ന് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ബഷീര്‍ കണ്ണാടിപ്പറമ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കൊളവല്ലൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി ഹാറൂണ്‍ കടവത്തൂരിന്റെ ഫ്‌ലക്‌സ് ബോര്‍ഡുകളാണ് വ്യാപകമായി നശിപ്പിച്ചത്. മൊകേരി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് പടിഞ്ഞാറെ കൂരാറ ബദര്‍ മസ്ജിദിനു സമീപം, കുന്നോത്ത് പറമ്പ് പഞ്ചായത്ത് തൂവക്കുന്ന് പാറേമ്മല്‍ പള്ളിക്കു സമീപം എന്നിവിടങ്ങളിലാണ് മനപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ് നീക്കം നടത്തുന്നത്. കൂരാറയില്‍ സ്ഥാപിച്ച ഫ്‌ലെക്‌സ് ബോര്‍ഡ് ആദ്യം തീവച്ചു നശിപ്പിച്ചു. പിന്നീട് സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ കത്തി കൊണ്ട് മുഖം കീറുകയും റീത്തു വയ്ക്കുകയുമായിരുന്നു.

ബിജെപി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന്‍ ശിക്ഷിക്കപ്പെട്ട പാലത്തായി പീഡനക്കേസ് ആദ്യമായി പോലിസില്‍ എത്തിച്ചതും കുടുംബത്തിന് നീതി നേടിക്കൊടുക്കാന്‍ തുടക്കം കുറിക്കുകയും ചെയ്തത് ഹാറൂണ്‍ കടവത്തൂരിന്റെ നേതൃത്വത്തില്‍ എസ്ഡിപിഐ ആയിരുന്നു. പത്മരാജന് പോക്‌സോ കോടതി മരണം വരെ തടവുശിക്ഷ വിധിച്ചതിനു പിന്നാലെ ഹാറൂണിനും എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും നേരെ ആര്‍എസ്എസ് സൈബര്‍ ഗ്രൂപ്പുകളില്‍ കൊലവിളിയും ഭീഷണികളും ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഫ്‌ലക്‌സ് ബോര്‍ഡില്‍ റീത്ത് വച്ച് വധഭീഷണി ഉയര്‍ത്തുന്നതെന്നാണ് മനസ്സിലാവുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോഴും കണ്ണൂരിലെവിടെയും സംഘര്‍ഷ സാഹചര്യം ഇല്ല. സമാധാനാന്തരീക്ഷം തകര്‍ത്ത് കലാപമുണ്ടാക്കാമെന്ന ആര്‍എസ്എസ് വ്യാമോഹം നടക്കില്ല.

സംഭവത്തില്‍ എസ്ഡിപിഐ പാനൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ പോലിസ് കര്‍ശന നടപടിയെടുക്കണം. അല്ലാത്തപക്ഷം ഉണ്ടാവുന്ന സമാധാനഭംഗത്തിന് പോലിസ് മാത്രമായിരിക്കും ഉത്തരവാദി. ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ ജില്ലാ കലക്ടറും വിഷയത്തില്‍ അടിയന്തരമായി ഇടപ്പെട്ട് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.