വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കുഞ്ഞ് പിറന്നു. 1994ല്‍ ശീതീകരിച്ചു സൂക്ഷിച്ചിരുന്ന ഒരു ഭ്രൂണത്തില്‍ നിന്നാണ് കുഞ്ഞിന്റെ ജനനം. 62 വയസ്സുള്ള ലിന്‍ഡ ആര്‍ച്ചേര്‍ഡില്‍ നിന്ന് 'ദത്തെടുത്ത' 30 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഭ്രൂണത്തില്‍ നിന്നാണ് ജൂലൈ 26 ന് ഒഹായോയില്‍ ലിന്‍ഡ്‌സെയുടെയും ടിം പിയേഴ്സിന്റെയും മകനായി തദ്ദ്യൂസ് ഡാനിയേല്‍ പിയേഴ്സ് ജനിച്ചിരിക്കുന്നത്.
ഗര്‍ഭിണിയാകാത്തതിനെത്തുടര്‍ന്നാണ് ആര്‍ച്ചെര്‍ഡും അവരുടെ അന്നത്തെ ഭര്‍ത്താവും ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) പരീക്ഷിക്കാന്‍ തീരുമാനിച്ചത്. 1994ല്‍ നാലുഭ്രൂണങ്ങളില്‍ ഒന്ന് ആര്‍ച്ചെര്‍ഡിന്റ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. മറ്റു മൂന്നെണ്ണം ക്രയോപ്രീവര്‍ ചെയ്ത് സൂക്ഷിക്കുകയായിരുന്നു.
പിന്നീട് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷം ഭ്രൂണങ്ങളുടെ സംരക്ഷണം ആര്‍ച്ചേര്‍ഡിന് ലഭിച്ചു. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ അവര്‍ ഭ്രൂണ 'ദത്തെടുക്കല്‍' എന്നൊരു തരം ഭ്രൂണദാനത്തെക്കുറിച്ച് മനസ്സിലാക്കുകയും അതിനുള്ള നടപടികള്‍ നോക്കുകയുമായിരുന്നു. കൂടാതെ, വെളുത്ത വര്‍ഗക്കാരായ ഒരു ക്രിസ്ത്യന്‍ ദമ്പതികള്‍ തന്റെ ഭ്രൂണം ദത്തെടുക്കണമെന്ന് ആര്‍ച്ചേര്‍ഡ് ആഗ്രഹിച്ചു. ഇതാണ് പിയേഴ്സ് ദമ്പതികള്‍ ആ ഭ്രൂണം ദത്തെടുക്കുന്നതിലേക്ക് നയിച്ചത്.
ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോ അതോറിറ്റി പ്രകാരം, 40നും 44നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍, 11ശതമാനം ഗര്‍ഭധാരണവും ഐവിഎഫ് വഴിയാണ് നടന്നത്. ഏകദേശം 2% ജനനങ്ങളും ഐവിഎഫ് വഴി സംഭവിക്കുന്നുവെന്ന് കണക്കുകള്‍ പറയുന്നു.
