ലോകം വന്‍ ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക്; മുന്നറിയിപ്പുമായി ഐഇഎ

Update: 2026-04-17 10:43 GMT

പാരിസ്: ലോകം ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി (ഐഇഎ) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്തി ബിറോള്‍ മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഗതാഗതം തടസ്സപ്പെട്ടത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ആഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധം സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യൂറോപ്പിലെ വിമാന ഇന്ധന ശേഖരം ആറാഴ്ചയ്ക്കുള്ളില്‍ തീര്‍ന്നേക്കാമെന്നാണ് ഐഇഎയുടെ കണക്കുകൂട്ടല്‍. ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറന്നില്ലെങ്കില്‍ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കേണ്ട സാഹചര്യം ഉണ്ടാകാമെന്നും ബിറോള്‍ വ്യക്തമാക്കി. മറ്റു മേഖലകളിലെ അവസ്ഥയും സമാനമോ അതിലും ഗുരുതരമോ ആണെന്നാണ് വിലയിരുത്തല്‍.

ഇതിനിടെ ഉപരോധം ശക്തമാക്കുമെന്ന മുന്നറിയിപ്പാണ് അമേരിക്ക നല്‍കിയിരിക്കുന്നത്. സമാധാന കരാര്‍ കാലാവധി അവസാനിക്കാനിരിക്കെ മുഴുവന്‍ കപ്പലുകളെയും തടയുമെന്ന ഭീഷണിയും ഉയര്‍ന്നിട്ടുണ്ട്. സമ്പന്ന രാജ്യങ്ങളെക്കാള്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്കയിലെ ദരിദ്രവും വികസ്വരവുമായ രാജ്യങ്ങളാകും ഈ പ്രതിസന്ധിയുടെ ആഘാതം നേരിടുക. പെട്രോള്‍, ഡീസല്‍, പാചകവാതകം, വൈദ്യുതി എന്നിവയുടെ വില ഇതിനോടകം കുത്തനെ ഉയരുകയാണ്. ഹോര്‍മുസ് കടലിടുക്കിലെ തടസം മേയ് അവസാനത്തോടെ നീങ്ങിയില്ലെങ്കില്‍ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത് ഈ കടലിടുക്കിലൂടെയാണ്. നിലവില്‍ 110ഓളം എണ്ണ ടാങ്കറുകളും 15 വാതക കപ്പലുകളും പേര്‍ഷ്യന്‍ ഗള്‍ഫില്‍ കുടുങ്ങികിടക്കുകയാണ്. 

കപ്പലുകളില്‍ നിന്ന് ഇറാന്‍ ടോള്‍ ഈടാക്കുന്നതിനെ ബിറോള്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇത് ലോകത്തിലെ മറ്റ് ജലപാതകളിലും തെറ്റായ മാതൃകകള്‍ സൃഷ്ടിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Tags: