വനിത സംവരണ ബില്ല് ; ബില്ല് പാസാക്കുന്നത് പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ വലിയ വിജയം: പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: വനിത സംവരണബില്ല് പാസാക്കുന്നത് പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ വലിയ വിജയമെന്ന് കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി. പരിധി നിര്‍ണ്ണയത്തിലൂടെയും വനിതാ സംവരണത്തിലൂടെയും അധികാരത്തില്‍ തുടരാന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
'ലോക്‌സഭയില്‍ ബില്ല് പരാജയപ്പെട്ടതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു. ഞങ്ങളെ സ്ത്രീവിരുദ്ധരെന്ന് വിളിച്ച് ഭരണകക്ഷിക്ക് രക്ഷകനായി അഭിനയിക്കാന്‍ കഴിയില്ല,' അവര്‍ പറഞ്ഞു.
ഇന്നലെയാണ് വനിതാ സംവരണ ബില്ലില്‍ ലോക്‌സഭയില്‍ വോട്ടെടുപ്പ് നടന്നത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്ന് വനിതാ സംവരണ ഭേദഗതി ബില്ല് ലോക്സഭയില്‍ പരാജയപ്പെട്ടു. 489 പേരില്‍ 278 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 211 പേര്‍ എതിര്‍ത്തു വോട്ട് ചെയ്തു.
കഴിഞ്ഞ 12 വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ഒരു ബില്ല് ലോക്സഭയില്‍ വോട്ടെടുപ്പില്‍ പരാജയപ്പെടുന്നത് ഇതാദ്യമായാണ്. ഭരണഘടനാ ഭേദഗതി ബില്ല് ആയതിനാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമായിരുന്നു ലോക്സഭയില്‍ പാസാവാന്‍. എന്നാല്‍ പ്രതിപക്ഷം ഇതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു. ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം 850 ആക്കി ഉയര്‍ത്താനുള്ള ഭരണഘടനാ ഭേദഗതിയിലായിരുന്നു വോട്ടെടുപ്പ് നടന്നത്.