കൊച്ചി: മാലിന്യക്കുഴിയിലേക്കുള്ള ഓടയില്‍ തിരുകിക്കയറ്റിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഊന്നുകല്‍ വെള്ളാമക്കുത്തില്‍ ദേശീയപാതയോട് ചേര്‍ന്നുള്ള ആള്‍ത്താമസമില്ലാത്ത വീടിന്റെ വര്‍ക് ഏരിയയോട് ചേര്‍ന്ന് സ്ലാബിട്ട് മൂടിയ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. കുറുപ്പംപടി സ്വദേശിയായ വൈദികന്റെയാണ് ഇരുനിലവീട്. ബുധനാഴ്ച വീട്ടിലെത്തിയ വൈദികന്‍ വര്‍ക് ഏരിയയിലെ ഗ്രില്ലിന്റെ പൂട്ടുതകര്‍ത്തതായും തറയില്‍ രക്തക്കറ കണ്ടതായും ഊന്നുകല്‍ പോലിസില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് പോലിസും ഫോറന്‍സിക് സംഘവും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കോണ്‍ക്രീറ്റ് സ്ലാബ് പൊളിച്ചുനീക്കിയാണ് ജീര്‍ണിച്ച മൃതദേഹം പുറത്തെടുത്തത്. ഡോഗ് സ്‌ക്വാഡും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി. വേങ്ങൂരില്‍നിന്ന് കാണാതായ അറുപത്തൊന്നുകാരിയുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. കഴിഞ്ഞ 18ന് ഇവരെ കാണാതായതായി കുറുപ്പംപടി പോലിസില്‍ പരാതി ലഭിച്ചിരുന്നു. സ്ഥലത്തെത്തിയ ബന്ധുക്കള്‍ക്ക് മൃതദേഹം ജീര്‍ണിച്ച നിലയിലായതിനാല്‍ തിരിച്ചറിയാനായില്ല.