'ജീന്‍സ്, ഹാഫ് പാന്റ്‌സ് തുടങ്ങിയവ ധരിച്ച് സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കരുത്; ആഹ്വാനവുമായി ബജ്രംങ് ദള്‍

Update: 2025-07-07 06:41 GMT

ജബല്‍പൂര്‍: 'മിനിസ്‌കേര്‍ട്ട്, ജീന്‍സ്, ടോപ്പ്, ഹാഫ് പാന്റ്‌സ് എന്നിവ ധരിച്ച് സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കരുതെന്ന പോസ്റ്ററുകളുമായി ബജ്രംങ് ദള്‍. ജബല്‍പൂര്‍ നഗരത്തിലെ 40 ഓളം ക്ഷേത്രങ്ങളിലാണ് ഇവര്‍ ഇതുസംബന്ധിച്ച് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്.

പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ മാത്രമേ ക്ഷേത്ര പരിസരത്ത് പ്രവേശിക്കാവൂ എന്നും പോസ്റ്ററുകളില്‍ പറയുന്നു. കൂടാതെ, സ്ത്രീകളും പെണ്‍കുട്ടികളും ക്ഷേത്ര പരിസരത്ത് തല മറയ്ക്കണമെന്നും, 'നിങ്ങള്‍ക്ക് മാത്രമേ ഇന്ത്യന്‍ സംസ്‌കാരത്തെ രക്ഷിക്കാന്‍ കഴിയൂ' എന്നും പോസ്റ്ററുകള്‍ എഴുതിയിട്ടുണ്ട്.

നഗരത്തിലെ വനിതാ ആക്ടിവിസ്റ്റുകള്‍ പോസ്റ്ററുകളെ ശക്തമായി അപലപിച്ചു. 'നമ്മള്‍ എന്ത് വസ്ത്രം ധരിക്കുന്നു, എന്ത് ധരിക്കരുത് എന്നത് നമ്മുടെ അവകാശമാണ്. നമുക്ക് സാരി, സല്‍വാര്‍ കുര്‍ത്ത, അല്ലെങ്കില്‍ നമുക്ക് തോന്നുന്ന എന്തും ധരിക്കാം. ഇത്തരം പോസ്റ്ററുകള്‍ കാണുമ്പോള്‍ ക്ഷേത്രങ്ങളില്‍ പോകുന്ന സ്ത്രീകള്‍ക്ക് അത് വേദന ഉണ്ടാക്കും' സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന ആക്ടിവിസ്റ്റായ രഞ്ജന കുരാരിയ പറഞ്ഞു,

നഗരത്തിലെ ഏകദേശം 30 മുതല്‍ 40 വരെ ക്ഷേത്രങ്ങളില്‍ ഈ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ടെന്ന് ഇന്റര്‍നാഷണല്‍ ബജ്‌റംങ്ദളിന്റെ ജില്ലാ മീഡിയ ഇന്‍ ചാര്‍ജ് ആയ അങ്കിത് മിശ്ര പറഞ്ഞു. ഇത് സ്ത്രീകളോടുള്ള അഭ്യര്‍ഥനയാണെന്നും ഒരു ആജ്ഞയല്ലെന്നും അങ്കിത് മിശ്ര പറഞ്ഞു.

Tags: