മാഹി: സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ കയറി മാല മോഷ്ടിച്ച യുവതി അറസ്റ്റില്‍. അഴിയൂര്‍ ഹാജിയാര്‍ പള്ളിക്കു സമീപത്തെ മനാസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ധര്‍മ്മടം നടുവിലത്തറ എന്‍ ആയിഷയെ (41) മാഹി പോലിസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മാഹി ബസലിക്കയ്ക്കു സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയില്‍നിന്നു കഴിഞ്ഞ 12നാണ് സ്വര്‍ണം മോഷ്ടിച്ചത്. മൂന്നുഗ്രാം തൂക്കമുള്ള സ്വര്‍ണമാല ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കൈക്കലാക്കി ന്നുകളയുകയായിരുന്നു. ജ്വല്ലറി ഉടമ പിലാക്കണ്ടി ശൈലേഷിന്റെ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് അഴിയൂരിലെ വീട്ടില്‍നിന്നും യുവതിയെ പിടികൂടിയത്. എന്നാല്‍, മാല മാഹിയിലെ കുഞ്ഞിപ്പള്ളി ജ്വല്ലറിയില്‍ വിറ്റുവെന്നാണ് ആയിഷ മൊഴി നല്‍കിയത്. കുഞ്ഞിപ്പള്ളി ജ്വല്ലറിയിലെത്തി മാല പൊലീസ് കണ്ടെടുത്തു.