ലക്ഷങ്ങള്‍ തട്ടി മരിച്ചതായി വരുത്തിതീര്‍ത്ത യുവതി മൂന്നുവര്‍ഷത്തിനുശേഷം പിടിയില്‍
കോഴിക്കോട്: പലരില്‍ നിന്നുമായി ലക്ഷങ്ങള്‍ തട്ടി മരിക്കാന്‍ പോകുകയാണെന്ന് കത്തെഴുതിവെച്ച് മുങ്ങിയ യുവതിയെ മൂന്നുവര്‍ഷത്തിനുശേഷം പിടികൂടി. ഫറോക്ക് ചെറുവണ്ണൂര്‍ സ്വദേശി മാതൃപ്പിള്ളി വീട്ടില്‍ വര്‍ഷ(30)യാണ് പിടിയിലായത്.
2022 നവംബര്‍ 11ന് രാവിലെ താന്‍ മരിക്കാന്‍ പോവുകയാണെന്ന് എഴുതി വെച്ച് യുവതി വാടകക്ക് താമസിക്കുന്ന ഫറോക്കിലുള്ള വാഴക്കപ്പൊറ്റ വീട്ടില്‍ നിന്നും സ്‌കൂട്ടറുമെടുത്ത് പോയതായിരുന്നു. പിന്നീട് യുവതിയെ കാണാനില്ലെന്ന് ഇവരുടെ സഹോദരി ഫറോക്ക് പോലിസില്‍ പരാതി നല്‍കി. യുവതി കൊണ്ടുപോയ സ്‌കൂട്ടര്‍ അറപ്പുഴ പാലത്തിന് സമീപത്തുനിന്നും പോലിസ് കണ്ടെത്തിയിരുന്നു. ഫോണും സിമ്മും ഉപേക്ഷിച്ചനിലയിലായിരുന്നു. പോലിസ് ഒരുപാട് അന്വേഷിച്ചെങ്കിലും യുവതിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.
മുങ്ങുന്നതിന് രണ്ടു ദിവസം മുമ്പ് യുവതി ഫറോക്ക് സൗഭാഗ്യ ഫിനാന്‍സിയേഴ്‌സില്‍ 226.5 ഗ്രാം മുക്കുപണ്ടങ്ങള്‍ പണയം വെച്ച് 9,10,000 രൂപ കൈക്കലാക്കിയിരുന്നു. ഇതുകൂടാതെ പലരില്‍നിന്നും വലിയ തുക കടം വാങ്ങുകയും ചെയ്തിരുന്നു.
കോഴിക്കോട് സിറ്റി പോലിസ് കമീഷണറുടെ നിര്‍ദേശപ്രകാരം സ്‌പെഷ്യല്‍ സ്‌ക്വാഡിനെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. അന്വേഷണസംഘം സൈബര്‍ സെല്ലുമായി ചേര്‍ന്നുനടത്തിയ അന്വേഷണത്തില്‍ യുവതി ജീവിച്ചിരുപ്പുള്ളതായും വീട്ടുകാരുമായി ഇന്റെര്‍നെറ്റ് കോളുകള്‍ മുഖേന ബന്ധപ്പെടാറുണ്ടന്നും അന്വേഷണസംഘം മനസ്സിലാക്കി. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന യുവതിയെ അന്വേഷണസംഘം കണ്ടത്തി പിടികൂടുകയായിരുന്നു.
പുഴയില്‍ ചാടി മരിച്ചെന്ന് വരുത്തിതീര്‍ക്കാന്‍ പാലത്തിനുസമീപം സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട് നാടുവിടുകയായിരുന്നുവെന്നും, പാലക്കാട്, എറണാംകുളം, തൃശൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തുവരികയായിരുന്നുവെന്നും പോലിസ് പറഞ്ഞു. ഫറോക്ക് പോലിസും കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ അരുണ്‍ കെ പവിത്രന്റെ നേതൃത്വത്തിലെ ക്രൈം സ്‌ക്വാഡും ചേര്‍ന്നാണ് യുവതിയെ കണ്ടെത്തിയത്.
