ട്രെയിനില്‍ കുഞ്ഞിനെ സഹയാത്രക്കാരനെ ഏല്‍പ്പിച്ച് ശുചിമുറിയില്‍ പോയ യുവതി പിന്നീട് മടങ്ങിവന്നില്ല

Update: 2026-03-10 03:33 GMT

കോഴിക്കോട്: ട്രെയിന്‍ യാത്രയ്ക്കിടെ എട്ടുമാസം പ്രായമായ കുഞ്ഞിനെ ഉപക്ഷേിച്ച് യുവതി. ഷൊര്‍ണൂര്‍ കോഴിക്കോട് പാസഞ്ചര്‍ ട്രെയിനില്‍ തിങ്കള്‍ രാവിലെ 10.30 ഓടെയാണ് സംഭവം. കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന ട്രെയിനിലുണ്ടായിരുന്ന യുവതി കുഞ്ഞിനെ സീറ്റില്‍ കിടത്തി സഹയാത്രികനെ നോക്കാന്‍ ഏല്‍പ്പിച്ച് ശുചിമുറിയില്‍ പോവുകയായിരുന്നു. ട്രെയിന്‍ പുറപ്പെട്ടിട്ടും യുവതി കംപാര്‍ട്ട്മെന്റിലേക്ക് എത്തിയില്ല. കുഞ്ഞ് കരയാനും തുടങ്ങി. തുടര്‍ന്ന് ട്രെയിന്‍ ഫറോക്ക് സ്റ്റേഷനില്‍ എത്തിയപ്പോള്‍ യുവാവ് കുട്ടിയുമായി ഇറങ്ങി റെയില്‍വേ പോലിസിന് കൈമാറി.

റെയില്‍വേ പോലിസും റെയില്‍വേ ചൈല്‍ഡ് ഹെല്‍പ് ഡെസ്‌കും ചേര്‍ന്ന് കുഞ്ഞിനെ സെന്റ് വിന്‍സെന്റ് ഹോമിലെ ശിശുഭവനില്‍ എത്തിച്ചു. നേരത്തെയും യുവതി കുഞ്ഞിനെ സമാനരീതിയില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. കുഞ്ഞിന് മറ്റു ആരോഗ്യപ്രശ്നങ്ങളില്ല. തിരച്ചിലില്‍ യുവതിയെ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കണ്ടെത്തി. കുഞ്ഞുമായി ബന്ധപ്പെട്ട രേഖകള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് കൈമാറി. മാതാവിന്റെ കൂടെ അയക്കണോ ഹോമില്‍ പരിചരിക്കണോ എന്ന് സിഡബ്ല്യുസി തീരുമാനിക്കും.