ഫരീദാബാദ്: ഓള്‍ഡ് ഫരീദാബാദ് റെയില്‍വേ സ്‌റ്റേഷനിന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതി പ്രസവിച്ചു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫരീദാബാദ് ഓള്‍ഡ് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി അമ്മയെയും നവജാത ശിശുവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
മധ്യപ്രദേശിലെ പന്ന ജില്ലയിലെ സിതോളി സ്വദേശികളായ ദമ്പതികള്‍ ജമ്മു-കശ്മീരിലായിരുന്നു താമസം. അവിടെ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ട്രെയിന്‍ ഡല്‍ഹിയില്‍ എത്തിയപ്പോള്‍ യുവതിക്ക് നേരിയ വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് കുറച്ചു സമയത്തിനുള്ളില്‍ വേദന ശക്തമായതോടെ സഹയാത്രക്കാര്‍ സഹായത്തിനെത്തി. കോച്ചിലെ യാത്രക്കാരെ ഒരു വശത്തേക്ക് മാറ്റിയ ശേഷം സീറ്റുകള്‍ ബെഡ് ഷീറ്റുകളും പുതപ്പുകളും ഉപയോഗിച്ച് ഒരുക്കിയാണ് പ്രസവം നടത്തിയത്. യാത്രക്കാരികളിലൊരാള്‍ റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ഫരീദാബാദ് ഓള്‍ഡ് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയത്.
സ്‌റ്റേഷനിലെത്തിയ വനിതാ റെയില്‍വേ മെഡിക്കല്‍ ജീവനക്കാര്‍ കോച്ചിലെത്തി അമ്മയെയും കുഞ്ഞിനെയും പരിശോധിച്ചു. തുടര്‍ന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്), ഗവണ്‍മെന്റ് റെയില്‍വേ പോലിസ് (ജിആര്‍പി) എന്നിവയിലെ വനിതാ പോലിസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ആംബുലന്‍സില്‍ ഫരീദാബാദിലെ ബികെ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് പോലിസ് അറിയിച്ചു.