ബസ് യാത്രക്കിടേ ശല്യം ചെയ്ത മദ്യപനെ സ്വയം നേരിട്ട് മാതൃകയായി യുവതി

Update: 2022-05-30 08:32 GMT

വയനാട്:വയനാട്ടില്‍ സ്വകാര്യ ബസ് യാത്രയ്ക്കിടെ മദ്യപിച്ച് ശല്യം ചെയ്തയാളെ സ്വയം കൈകാര്യം ചെയ്ത് യുവതി.വയനാട് പനമരം കാപ്പുംചാല്‍ സ്വദേശിയായ സന്ധ്യയാണ് മദ്യപനെ കൈകാര്യം ചെയ്തത്.

കഴിഞ്ഞ ദിവസം സ്വകാര്യ ബസില്‍ യാത്ര ചെയ്യവേ ആയിരുന്നു സന്ധ്യയ്ക്ക് ദുരനുഭവമുണ്ടായത്.തുടര്‍ച്ചയായി അപമര്യാദയായി പെരുമാറുകയും അസഭ്യവാക്കുകള്‍ പറയുകയും ചെയ്ത ഇയാള്‍ മദ്യപിച്ചിരുന്നതായി സന്ധ്യ പറഞ്ഞു. പലതവണ മുന്നറിയിപ്പ് നല്‍കുകയിട്ടും കൂട്ടാക്കത്തതിനെ തുടര്‍ന്ന് കണ്ടക്ടറോട് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ ബസ്സില്‍ നിന്ന് ഇറക്കി വിട്ട ഇയാള്‍ വീണ്ടും സ്ത്രീകളെ അസഭ്യം പറഞ്ഞതിനെ തുടര്‍ന്നായിരുന്നു സന്ധ്യ ഇയാളെ ബസ്സില്‍ നിന്നിറങ്ങി കൈകാര്യം ചെയ്തത്.

'ബസിലുള്ള മറ്റുള്ള ആളുകള്‍ ഇയാളെ കൈകാര്യംചെയ്യാന്‍ ശ്രമിച്ചെങ്കിലും താന്‍ അവരെ തടയുകയായിരുന്നു. അവര്‍ അടിച്ചാല്‍ പിന്നീട് കേസ് മാറും. അതുകൊണ്ടുതന്നെ ശല്യം ചെയ്തതിന് ഞാന്‍ തന്നെ നോക്കിക്കൊള്ളാമെന്ന് അവരോട് പറയുകയായിരുന്നു.' സന്ധ്യ പറഞ്ഞു.

ഏതു രീതിയിലാണോ പ്രതികരിക്കേണ്ടത് ആ രീതിയില്‍ തന്നെ പരസ്യമായി പ്രതികരിച്ചിട്ടുണ്ടെന്നും അതിനാല്‍ കേസും മറ്റ് നടപടികളും വേണ്ട എന്ന നിലപാടിലാണെന്നും സന്ധ്യ പറഞ്ഞു.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ പോലിസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് പോലിസ് അറിയിച്ചു.