ഡെറാഡൂണില്‍ പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ ബാന്‍ഡേജ് മറന്നുവെച്ചു; അണുബാധയേറ്റ് യുവതി മരിച്ചു
ഡെറാഡൂണ്‍: ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയില്‍ 26കാരി അണുബാധയേറ്റ് മരണപ്പെട്ടു. പ്രസവ ശസ്ത്രക്രിയയ്ക്കുശേഷം യുവതിയുടെ വയറ്റില്‍ ബാന്‍ഡേജ് മറന്നുവെച്ചതായാണ് പരാതി.
ജനുവരിയിലാണ് അരഘറിലെ സ്വകാര്യ ആശുപത്രിയില്‍ ജ്യോതിപാല്‍ പ്രസവ ശസ്ത്രക്രിയക്ക് വിധേയയായത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും വേദന മാറാതെ വന്നതോടെ കഴിഞ്ഞ മാസം മറ്റൊരു ആശുപത്രിയില്‍ പരിശോധന നടത്തുകയായിരുന്നു. സ്‌കാനിംഗിനിടെ വയറ്റില്‍ ബാന്‍ഡേജ് കുടുങ്ങിയിരിക്കുന്നതായി കണ്ടെത്തി. അതിനുശേഷം ശസ്ത്രക്രിയ നടത്തി ബാന്‍ഡേജ് നീക്കം ചെയ്‌തെങ്കിലും യുവതി മരണപ്പെടുകയായിരുന്നു.
ആശുപത്രിയുടെ അനാസ്ഥയ്‌ക്കെതിരേ ഭര്‍ത്താവ് ആരോഗ്യവകുപ്പിന് പരാതി നല്‍കി. സംഭവത്തില്‍ ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ മനോജ് ശര്‍മ്മ അന്വേഷണം ആരംഭിച്ചു. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഭാഗത്ത് നിന്നുള്ള ബോധപൂര്‍വമായ വീഴ്ചകളാണ് അന്വേഷണത്തിന്റെ പ്രധാന ചോദ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിന് ശേഷം ആശുപത്രിക്കെതിരേ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.