ഉത്തര്‍പ്രദേശില്‍ വ്യാജ ഡോക്ടര്‍മാരുടെ ചികില്‍സ; സിസേറിയന്‍ ശസ്ത്രക്രിയയെത്തുടര്‍ന്ന് യുവതി മരിച്ചു

Update: 2026-02-16 08:27 GMT

ലഖ്നോ: ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറില്‍ അംഗീകാരമില്ലാത്ത സ്വകാര്യ ആശുപത്രിയില്‍ പ്ലസ് ടു വിദ്യാര്‍ഥിയും ബിഎ ബിരുദധാരിയും ചേര്‍ന്ന് നടത്തിയ സിസേറിയന്‍ ശസ്ത്രക്രിയയെത്തുടര്‍ന്ന് യുവതി മരിച്ചു. പ്രിയങ്ക എന്ന യുവതിയാണ് വ്യാജ ഡോക്ടര്‍മാരുടെ കത്തിക്ക് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് 19-കാരനായ ശുഭം വിശ്വകര്‍മ, 32-കാരനായ യോഗേഷ് വര്‍മ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.

ഫെബ്രുവരി 5-നാണ് പ്രിയങ്ക പ്രസവത്തിനായി നവജീവന്‍ എന്ന ആശുപത്രിയില്‍ എത്തിയത്. യോഗ്യതയില്ലാത്ത വ്യാജ ഡോക്ടര്‍മാര്‍ യുവതിയെ സിസേറിയന് വിധേയയാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം രക്തസ്രാവം നിലയ്ക്കാതെ വന്നതോടെ യുവതിയെ ലഖ്‌നോവിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ ആശുപത്രിക്ക് ലൈസന്‍സോ ഫയര്‍ഫോഴ്‌സ് ക്ലിയറന്‍സോ പോലുമില്ലെന്ന് കണ്ടെത്തി. 3000 രൂപ മുതല്‍ 5000 രൂപ വരെ മാത്രം വാങ്ങി ശസ്ത്രക്രിയകള്‍ നടത്തിയിരുന്നതാണ് പാവപ്പെട്ട രോഗികളെ ഇവിടേക്ക് ആകര്‍ഷിച്ചിരുന്നത്. വാര്‍ഡ് ബോയിയുടെ മകനായ യോഗേഷ് വര്‍മയ്ക്ക് ശസ്ത്രക്രിയകളില്‍ മുന്‍പരിചയമുണ്ടെന്ന വ്യാജേനയാണ് വര്‍ഷങ്ങളായി ഇവര്‍ ആളുകളെ ചികില്‍സിച്ചിരുന്നതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

Tags: