യുവതി തലക്കടിയേറ്റ് മരിച്ച സംഭവം; പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് ജീവനൊടുക്കിയ നിലയില്‍

Update: 2026-01-10 16:08 GMT

ഇടുക്കി: കട്ടപ്പനയില്‍ യുവതി തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പോലിസ് അന്വേഷിച്ചുവരികയായിരുന്ന ഭര്‍ത്താവിനെ സമീപത്തെ പുരയിടത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടുക്കി ഉപ്പുതറയില്‍ എംസി കവല സ്വദേശി സുബിന്‍(രതീഷ്)ആണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു സുബിന്‍.

ജനുവരി ആറിനായിരുന്നു സുബിന്റെ ഭാര്യ രജനിയെ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനു ശേഷം സുബിനെ കാണാതാകുകയായിരുന്നു. ഇരുമ്പുപൈപ്പു കൊണ്ടുള്ള അടിയേറ്റാണ് രജനി കൊല്ലപ്പെട്ടതെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. രജനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം ഉച്ചയോടെ സുബിന്‍ ബസില്‍ കയറി പോകുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. ഇതിനു പിന്നാലെ രജനിയുടെ മരണവുമായി ബന്ധപ്പെട്ട് സുബിനെ പോലിസ് തിരഞ്ഞുവരികയായിരുന്നു. ഇതിനിടെയാണ് വീടിനു സമീപത്ത് സുബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍പ് രണ്ടു തവണ ആത്മഹത്യാശ്രമം നടത്തി പരാജയപ്പെട്ടയാളാണ് സുബിന്‍. കുടുംബ കലഹം പതിവായിരുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലിസിന്റെ നിഗമനം.