ഡിറ്റ് വാ ചുഴലിക്കാറ്റ്: വീട് തകര്‍ന്ന് യുവതി മരിച്ചു

Update: 2025-11-30 06:53 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്ന് യുവതി മരിച്ചു. തഞ്ചാവൂര്‍ ആലമന്‍കുറിച്ചി സ്വദേശി രേണുക(20)യാണ് മരിച്ചത്. രേണുകയും പിതാവും മാതാവും സഹോദരിയുമാണ് അപകടസമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. നാഗപട്ടണത്ത് 30 സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ഉച്ചവരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. പുതുച്ചേരിയിലും കനത്തമഴയുള്ളതായാണ് റിപോര്‍ട്ട്. 10 എന്‍ഡിആര്‍എഫ് യൂണിറ്റുകള്‍ കൂടി തമിഴ്‌നാട്ടില്‍ വിന്യസിച്ചു. ആന്ധ്രാപ്രദേശിലും, റായലസീമ ജില്ലയിലും ശക്തമായ മഴയ്ക്കാണ് സാധ്യത. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ചെന്നൈ, പുതുക്കോട്ട, അരിയല്ലൂര്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, പെരമ്പല്ലൂര്‍, തിരുച്ചിറപ്പള്ളി, സേലം, കള്ളക്കുറിച്ചി, തിരുവണ്ണാമലൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, റാണിപ്പേട്ട് ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റ് മൂലം പുല്ല് മേഞ്ഞ വീടുകള്‍ക്കും വൈദ്യുതി, ആശയവിനിമയ ലൈനുകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിക്കുമെന്നും, മരങ്ങള്‍ കടപുഴകി വീഴുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കൃഷിയിടങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടാകാനും സാധ്യതയുണ്ട്.

Tags: